
18 മുതല്‍ 28 വയസുവരെയുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാനാകുമായിരുന്ന വിശ്വസുന്ദരി മത്സരത്തില്‍ ഇനി പ്രായപരിധിയില്ല. ഉയര്‍ന്ന പ്രായപരിധി എടുത്തുമാറ്റിയിരിക്കുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നിലവിലെ വിശ്വസുന്ദരിയായ ആര്‍ ബോണി ഗബ്രിയേല. ചരിത്രപരമായ ഈ തീരുമാനം പ്രഖ്യാപിച്ചത് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലാണ്. 1952 ല്‍ മത്സരം തുടങ്ങിയത് മുതല്‍ ഉയര്‍ന്ന പ്രായപരിധി 28 വയസ്സാണ്. 2022ല്‍ നടന്ന മത്സരത്തില്‍ വിജയിയായ ബോണി തന്നെയാണ് വിശ്വസുന്ദരി പട്ടം നേടുന്ന ഏറ്റവും പ്രായം കൂടിയയാള്‍. വിശ്വസുന്ദരി കിരീടം ചൂടുമ്പോള്‍ ബോണി ഗബ്രിയേലയുടെ പ്രായം 28 വയസ്സായിരുന്നു.

27 വയസ്സാണ് മിസ് വേള്‍ഡ് മത്സരത്തിന്റെ ഉയര്‍ന്ന പ്രായപരിധി. ഫെമിന മിസ് ഇന്ത്യയുടേതാകട്ടെ 25 വയസ്സാണ്. അഞ്ച് അടി മൂന്ന് ഇഞ്ചും അതിന് മുകളിലും ഉയരം വേണമെന്ന നിബന്ധനയുമുണ്ട്. അവിവാഹിതരായിരിക്കണം മത്സരാര്‍ത്ഥികളെന്നതും അമ്മമാര്‍ക്ക് അവസരം നിഷേധിക്കുന്ന നിയമവും എടുത്തുകളയാന്‍ തീരുമാനമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫാഷന്‍ ലോകത്ത് വലിയ മാറ്റമാണ് ഈ ചരിത്ര തീരുമാനം കൊണ്ടുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വിശ്വ സുന്ദരി മത്സരം നടക്കുന്നത് നവംബറിലാണ്. പുത്തന്‍ തീരുമാനങ്ങള്‍ വന്നതോടെ മത്സരത്തിന് കൂടുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ഫാഷന്‍ ലോകം.
ഒരു സ്ത്രീക്ക് മത്സരിക്കാന്‍ പ്രായം തടസ്സമല്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നുമാണ് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ബോണി പറഞ്ഞത്. താന്‍ കിരീടം ചൂടിയ 2022 ലെ മത്സര വേദിയില്‍, സംഘടനാ നിയമത്തില്‍ എന്ത് മാറ്റം വരുത്തുമെന്ന ചോദ്യത്തിന് മത്സരത്തിനുള്ള പ്രായപരിധി ഉയര്‍ത്തുമെന്ന് ആര്‍ ബോണി ഗബ്രിയേല പറഞ്ഞിരുന്നു.

തായ്‌ലന്റിലെ ബിസിനസുകാരിയായ ആന്‍ ജക്രാജുതാതിപ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനെ സ്വന്തമാക്കിയതിന് ശേഷമാണ് ചരിത്രപരമായ ഈ തീരുമാനം. ട്രാന്‍സ്ജന്റര്‍ ആയ ആന്‍ ട്രാന്‍സ്ജന്ററുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയും ജെകെഎന്‍ ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒയുമാണ്.