Latest NewsNational

ലോക്‌സഭാ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം, അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍, നാല് പേര്‍ മലയാളികള്‍

ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍, ജ്യോതിമണി എന്നിവര്‍ക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയാണ്.

ഡല്‍ഹി: ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിര്‍ത്തി വച്ചു. അഞ്ച് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാലു പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍, ജ്യോതിമണി എന്നിവര്‍ക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയാണ്.

സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധിച്ചത്. ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ ഉണ്ടാകുന്നതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹഌദ് ജോഷി പറഞ്ഞു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

രാവിലെ ലോക്‌സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. സുരക്ഷാ വീഴ്ചയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്‌സഭയിലെ സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തുവെന്നും വേണമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് വിശദീകരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് ഭരണപക്ഷ നിലപാട്. സന്ദര്‍ശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പാര്‍ലമെന്റിലെ സുരക്ഷ വീഴ്ചയില്‍ നേരത്തെ ലോക്‌സഭാ സെക്രട്ടറിയേറ്റ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രതിപക്ഷ ബഹളത്തിനിടെ സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് രംഗത്തെത്തിയിരുന്നു. ലോക്‌സഭയില്‍ നടന്ന സംഭവം അപലപനീയമെന്നും എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും ആവശ്യപ്പെട്ട രാജ്‌നാഥ് സിങ്ങ് അന്വേഷണം നടക്കുന്നെന്നും വ്യക്തമാക്കിയിരുന്നു. പാസുകള്‍ നല്‍കുമ്പോള്‍ എംപിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ ബഹളത്തിന്റെ ആവശ്യമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്‌നാഥ് സിങ്ങിന്റെ വിശദീകരണം അംഗീകരിക്കാത്ത പ്രതിപക്ഷം ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കണമെന്നും വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭാനടപടികള്‍ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തി വെയ്ക്കുകയായിരുന്നു.

ഇതിനിടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബഹളത്തിനിടെ പ്രത്യേകാവകാശ ലംഘനം നടത്തിയെന്ന് വ്യക്തമാക്കി തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനോട് സഭ വിടാന്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി ഡെറിക് ഒബ്രിയാന്‍ പ്രതിഷേധിച്ചതാണ് രാജ്യസഭാ അധ്യക്ഷനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സമ്മേളന കാലയളവ് വരെയാണ് സസ്‌പെന്‍ഷന്‍. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ തന്റെ ചേംബറില്‍ കക്ഷിനേതാക്കളുടെ അടിയന്തിര യോഗം വിളിച്ചു. രാജ്യസഭയുടെ നടപടിക്രമങ്ങള്‍ 2 മണി വരെ നിര്‍ത്തിവെച്ചിരുന്നു.

കഴിഞ്ഞ ദിവസം ശൂന്യവേളയില്‍ രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേ!ക്കും എംപിമാര്‍ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവര്‍ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി. ഒരാളെ എംപിമാര്‍ പിടികൂടിയപ്പോള്‍ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതിഷേധക്കാര്‍ അംഗങ്ങള്‍ ഇരിക്കുന്നിടത്ത് കളര്‍ സ്‌പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളില്‍ സ്‌പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവര്‍ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇവരില്‍ നിന്ന് നിറമുള്ള സ്‌പ്രേ കാന്‍ പിടികൂടി.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഉണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ ആറ് പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. നാലുപേര്‍ പിടിയിലായെങ്കിലും രണ്ട് പേര്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ അഞ്ചാമന്‍ ഗുഡ്ഗാവ് സ്വദേശി ലളിത് ഝാ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിക്രമത്തിന് മുന്‍പ് അഞ്ച് പേരും താമസിച്ചത് ലളിത് ഝായുടെ വീട്ടിലാണെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ലോക്‌സഭയില്‍ സ്‌പ്രേ പ്രയോഗിച്ച സാഗര്‍ ശര്‍മ ലഖ്‌നൗ സ്വദേശിയെന്ന് പൊലീസ്. ആറ് പേരും അതിക്രമത്തിന് പദ്ധതിയിട്ടത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് വ്യക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!