എയര്‍ ചാര്‍ജ്, എക്‌സ്ട്രീംടെമ്പ് ബാറ്ററി; ടെക് മേഖലയില്‍ പുതുയുഗം തീര്‍ക്കാന്‍ ഇന്‍ഫിനിക്‌സ്

ഇലക്ട്രോണിക് ഗാഡ്ജറ്റ് മേഖലയില്‍ പുതുയുഗം തീര്‍ക്കാന്‍ ചൈനീസ് ടെക് കമ്പനിയായ ഇന്‍ഫിനിക്‌സ്. വരാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ അവരുടെ എയര്‍ ചാര്‍ജ്, എക്‌സ്ട്രീംടെമ്പ് ബാറ്ററി എന്നീ രണ്ട് സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കും. 2024 ജനുവരിയില്‍ ആണ് ഈ ഷോ നടക്കുന്നത്.
എയര്‍ ചാര്‍ജ് സാങ്കേതിക വിദ്യ കേബിളുകളുടെയോ ചാര്‍ജിങ് പാഡിന്റെയോ സഹായമില്ലാതെ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഒരു വയര്‍ലെസ് ചാര്‍ജിങ് രീതിയാണ്. ഉപകരണങ്ങള്‍ ചാര്‍ജറില്‍ തൊടാതെ ചാര്‍ജറിന് സമീപം വെറുതെ വെച്ചാല്‍ തന്നെ ചാര്‍ജ് ആകുന്ന രീതിയാണ് ഇത്. ചാര്‍ജറിന്റ 20 സെന്റീമിറ്റര്‍ ചുറ്റളവില്‍ ഉപകരണം വെച്ചാല്‍ ആയിരിക്കും ഇത്തരത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുക.
മള്‍ട്ടികോയില്‍ മാഗ്‌നെറ്റിക് റെസൊണന്‍സ് ടെക്‌നോളജിയും ഒരു അഡാപ്റ്റീവ് അല്‍ഗോരിതവും ഉപയോഗിച്ചാണ് ഈ ചാര്‍ജര്‍ പ്രവര്‍ത്തിക്കുന്നത്. ചാര്‍ജ് കയറുമ്പോള്‍ തന്നെ സൗകര്യപ്രദമായി വീഡിയോ കാണുകയോ ഗെയിം ആസ്വദിക്കുകയോ എല്ലാം ചെയ്യാവുന്നതാണ്.7.5ണ വരെ ചാര്‍ജിങ് പവര്‍ ആണ് ഈ സാങ്കേതിക വിദ്യയില്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്.
ഇതിന് പുറമെ എക്‌സ്ട്രീംടെമ്പ് ബാറ്ററി എന്ന സാങ്കേതിക വിദ്യയും ഇന്‍ഫിനിക്‌സ് അവതരിപ്പിക്കും. തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ ആയിരിക്കും എക്‌സ്ട്രീംടെമ്പ് ബാറ്ററി എന്നത്. 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനില അനുഭപ്പെടുന്ന പ്രദേശങ്ങളില്‍ ഇത് മികച്ച പ്രകടനം കാഴ്ച വെക്കും.

ബാറ്ററികളുടെ ഇലക്‌ട്രോഡുകളില്‍ ബയോമിമെറ്റിക് ഇലക്‌ട്രോലൈറ്റും ഫ്യൂഷന്‍ സോളിഡ്‌സ്‌റ്റേറ്റ് സാങ്കേതികവിദ്യയും സംയോജിപ്പിച്ചതോടെയാണ് എക്‌സ്ട്രീംടെമ്പ് ബാറ്ററി തയ്യാറാക്കാന്‍ ഇന്‍ഫിനിക്‌സിന് കഴിഞ്ഞത്. 2024 ജനുവരി രണ്ടാം ആഴ്ചയില്‍ ആയിരിക്കും കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ നടക്കുക.