Latest NewsNational

ആശങ്കയുടെ ആവശ്യമില്ല, കൊവിഡ് നിരീക്ഷണം ശക്തമാക്കണം’; കേന്ദ്രം വിളിച്ച അവലോകന യോഗം അവസാനിച്ചു


ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം അവസാനിച്ചു. കൊവിഡ് നിരീക്ഷണം ശക്തമാക്കണം എന്ന് കേന്ദ്രം അറിയിച്ചു. ആശുപത്രികളിൽ മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രിലുകൾ നടത്തണം. ഇപ്പോൾ ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണിത്. ജനങ്ങൾക്കിടയിലേക്ക് ബോധവത്കരണം എത്തിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് വകഭേദം ജെഎൻ 1 രാജ്യത്ത് സ്ഥിരീകരിക്കുകയും കേരളം അടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയും ശ്വാസകോശ അസുഖങ്ങൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ വർധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതെങ്കിൽ ഇന്നലെ അത് ഇരട്ടിയിലധികമായി ഉയര്‍ന്നു. രാജ്യമൊട്ടാകെ 24 മണിക്കൂറിനിടെ 614 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസത്തിനിടയിലെ പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രാജ്യത്ത് നിലവിൽ 150 ലേറെയാണ് പ്രതിദിന കൊവിഡ് രോഗികൾ.


അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ജാഗ്രത വേണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമിക്രോണും ഉപ വകഭേദമായ ജെഎൻ1 ഉം ആണ് കേരളത്തിൽ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതൽ രോഗികളും ആശുപത്രിയിൽ എത്തുന്നത്. പ്രായമായവരും മറ്റുള്ള അസുഖങ്ങൾ ഉള്ളവരും മാസ്കടക്കം മുൻകരുതൽ എടുക്കണം. സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങൾ ഉള്ള എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!