
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാതയില്‍ വാളറക്ക് സമീപം ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വാളറ ടൗണിന് സമീപമാണ് അപകടമുണ്ടായത്. പാതയോരത്ത് നിന്നിരുന്ന മരം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ഇടമനക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.
മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങവെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ദേശിയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കോതമംഗലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി മരംമുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

അപകടത്തില്‍ വാഹനത്തിന്റെ ഗ്ലാസും മുന്‍വശവും തകര്‍ന്നു. അപകടം നടക്കുമ്പോള്‍ ചെറിയ തോതില്‍ കാറ്റ് വീശിയിരുന്നതായി വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ദേശിയപാതയില്‍ വാളറ മുതല്‍ നേര്യമംഗലം വരെയുള്ള വനമേഖലയില്‍ നിരവധി മരങ്ങളാണ് ഏത് സമയത്തും റോഡിലേക്ക് പതിക്കാവുന്ന നിലയില്‍ നില്‍ക്കുന്നത്.