
മറയൂര്‍: കനവ് പദ്ധതിയുടെ ആദ്യ ബാച്ചിന്റെ ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മറയൂര്‍ പഞ്ചായത്തിലെ 24 ഗോത്രവര്‍ഗ്ഗകുടികളിലെ വനിതകള്‍ക്കു വേണ്ടി മോട്ടോര്‍ വാഹന വകുപ്പ്, മറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കനവ്. ആകെ 43 പേരാണ് കനവ് പദ്ധതിയില്‍ ഉള്ളത്. ആദ്യ ബാച്ചിലെ 12 പേര്‍ക്ക് വേണ്ടി മറയൂര്‍ ജെയ്മാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ ഡ്രൈവിംഗ് ടെസ്റ്റില്‍ 10 പേര്‍ വിജയിച്ചു.

ഫീസിനത്തില്‍ അടക്കേണ്ട തുക സ്‌പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിലബസ് അനുസരിച്ചുള്ള ശാസ്ത്രീയ പഠന സൗകര്യങ്ങള്‍ മറയൂരില്‍ വച്ച് തന്നെ നല്‍കി. മലയാളത്തിലും ആവശ്യപ്പെട്ടവര്‍ക്ക് തമിഴിലും ലേണേഴ്‌സ് പഠന സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. മോട്ടോര്‍ വാഹന നിയമം, റോഡ് റെഗുലേഷന്‍ എന്നിവയിലും പരിശീലനം നല്‍കി. ബാക്കിയുള്ള പഠിതാക്കള്‍ക്ക് ഏപ്രില്‍ മാസത്തില്‍ ടെസ്റ്റ് നടക്കും.