
അടിമാലി: വേനൽ കടുത്തതോടെ ഇടുക്കി ജില്ലയിൽ തേനീച്ച, കടന്നൽ ആക്രമണങ്ങൾ പതിവാകുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 34 പേർക്കാണ് തേനീച്ചയുടെ കുത്തേറ്റ് ചികിത്സ തേടേണ്ടി വന്നത്. തേനീച്ച ആക്രമണത്തിൽ രണ്ടുപേരുടെ ജീവൻ നഷ്ടമാവുകയും ചെയ്തു. ഈ വർഷം ആദ്യം തേനീച്ച ആക്രമണം റിപ്പോർട്ട് ചെയ്തത് കല്ലാറിലാണ്. ജനുവരി 21ന് ഇവിടെ നാല് പേർക്ക് പെരിന്തേനിച്ചിയുടെ കുത്തേറ്റു. ഫെബ്രുവരി 12ന് മാവടിയിൽ മൂന്നുപേർക്ക് കടന്നൽകുത്തേറ്റു.
ഫെബ്രുവരി 16ന് നല്ലതണ്ണി കുറുമല ഡിവിഷനിൽ സ്ത്രീകളടക്കമുള്ള 25 പേർക്കാണ് കുത്തേറ്റത്. ഇതേ ദിവസം തന്നെ രാമചന്ദ്രൻ എന്ന വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഏറ്റവും ഒടുവിലാണ് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന വയോധിക തേനീച്ചയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. നെടുങ്കണ്ടം അൻപതേക്കർ സ്വദേശിനി തുളസിയാണ് തേനീച്ച ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. വേനൽ കടുക്കുന്നതോടെ പെരുന്തേനീച്ചയുടെ ആക്രമണം പതിവാണ്. കാട്ടിൽ ചൂട് കൂടുമ്പോൾ നാട്ടിലേക്ക് ഇവ കൂട്ടമായി എത്തും. ഇവയിൽ പക്ഷികളും മറ്റും കൊത്തുമ്പോഴാണ് ഇവ ആക്രമണം അഴിച്ചുവിടുന്നത്. തേനെടുക്കുവാനും മറ്റും അശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.

ഇതേസമയം തേനീച്ച ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള നഷ്ടപരിഹാര തുക നൽകുവാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുകയാണ്. തേനീച്ചയുടെയോ കടന്നലിന്റെയോ ആക്രമണം ഉണ്ടായി മരണപ്പെട്ടാൽ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഇതും കൃത്യമായി നൽകുന്നില്ലന്നാണ് ആക്ഷേപം.