
തിരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി സംഘടിപ്പിക്കുന്ന ഫസ്റ്റ് വോട്ട് ചലഞ്ച് പരിപാടിയുടെ ജില്ലാതല പ്രഖ്യാപനം മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലാഭരണകൂടവും ജില്ലാ ഇലക്ഷന്‍ വിഭാഗവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫസ്റ്റ് വോട്ട് ചലഞ്ചില്‍ രണ്ട് തരം മല്‍സരങ്ങളാണ് നടത്തുന്നത്. ജില്ലയിലെ കലാലയങ്ങളില്‍ പഠിക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, അവരെല്ലാവരും വോട്ട് ചെയ്യുക എന്നതാണ് ആദ്യ ചലഞ്ച് കൊണ്ടുദ്ദേശിക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന കലാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പുരസ്‌കാരം നല്‍കും. കന്നി വോട്ട് ചെയ്യുന്നവര്‍ വോട്ട് ചെയ്ത ശേഷം മഷി പുരണ്ട വിരലുകളോടു കൂടി സെല്‍ഫി എടുത്ത് അടിക്കുറിപ്പോടുകൂടി sveep_idukki എന്ന ഇന്‍സ്റ്റാഗ്രാം പേജിലേക്കും sveepidukki2024@gmail.com എന്ന മെയില്‍ ഐ ഡി ലേക്കും അയക്കുന്നതാണ് രണ്ടാമത്തെ ചലഞ്ച്. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേര്‍ക്ക് കളക്ടറുമായി സംവദിക്കാന്‍ അവസരം ലഭിക്കും.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികള്‍ക്ക് വോട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി മീറ്റ് ദി കാന്‍ഡിഡേറ്റ്, മോക്ക് പോള്‍, സംവാദം എന്നിവയും തിരഞ്ഞെടുപ്പ് ചരിത്രം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുതലുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ വരെയുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവയുടെ പ്രദര്‍ശനവും നടന്നു. പരിപാടിയില്‍ ഇടുക്കി, തൊടുപുഴ താലൂക്ക് ജീവനക്കാര്‍, കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

തൊടുപുഴ അല്‍അസര്‍ കോളേജില്‍ നടന്ന പരിപാടി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ.അരുണ്‍ ജെ. ഒ യും നെടുങ്കണ്ടം നെഹ്‌റു കോളേജില്‍ നടന്ന പരിപാടി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ സീമ ജോസഫും ഉദ്ഘാടനം ചെയ്തു. ചിത്രം: തിരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫസ്റ്റ് വോട്ട് ചലഞ്ച് പരിപാടിയുടെ ജില്ലാതല പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിക്കുന്നു