മാങ്കുളം ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹ സമരം ഒമ്പതാം ദിവസം പിന്നിട്ടു

മാങ്കുളം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാങ്കുളം ജനകീയ സമരസമിതിയുടെ സമരം തുടരുന്നു. വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ നടക്കുന്ന റിലേ സത്യാഗ്രഹ സമരം ഒമ്പതാം ദിവസം പിന്നിട്ടു. മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളത്ത് വനം വകുപ്പ് നടത്തുന്ന കടന്ന് കയറ്റം അവസാനിപ്പിക്കുക, മാങ്കുളത്തെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുക, മലയോര ഹൈവേയുടെ അലൈന്മെന്റ് മാറ്റിയ നടപടി പുനപരിശോധിക്കുക, രാജപാത തുറക്കുക, മാങ്കുളം ഡി എഫ് ഒയെ സ്ഥലം മാറ്റുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് വിരിപാറയിലെ ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ നടക്കുന്ന റിലേ സത്യാഗ്രഹ സമരത്തിലൂടെ മാങ്കുളം ജനകീയ സമരസമിതി മുമ്പോട്ട് വയ്ക്കുന്നത്. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു ആദ്യ ദിനം സത്യാഗ്രഹ സമരം ആരംഭിച്ചത്.
നിലവില്‍ ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തതോടെയാണ് സമരം തുടരുന്നത്.വെള്ളിയാഴ്ച്ച പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പാമ്പുംകയം മേഖലയില്‍ നിന്നുള്ള ആളുകളായിരുന്നു സമരത്തില്‍ പങ്കെടുത്തത്. മാങ്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ഡി ജോയി സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു.

അതിജീവന പോരാട്ടവേദി ചെയര്മാന് റസാഖ് ചൂരവേലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രൊഫ. ജോസ് കുട്ടി ജെ ഒഴുകയില്‍ തുടങ്ങിയവര്‍ വിരിപാറയിലെത്തി സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സംസാരിച്ചു. മാങ്കുളം ജനകീയ സമരസമിതി കണ്‍വീനര്‍ ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍, ജനകീയ സമരസമിതി ഭാരവാഹികള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരും എട്ടാം ദിവസത്തെ സമരത്തില്‍ സംബന്ധിച്ചു. വ്യാപാരി സംഘടനകളും വിവിധ കര്‍ഷക സംഘടനകളും മറ്റിതര സംഘടനകളും തുടര്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്. സമരത്തിന് മികച്ച് ബഹുജന പങ്കാളിത്തമാണ് ലഭിക്കുന്നത്. പ്രശ്ന പരിഹാരം കാണും വരെ തുടര്‍ സമരങ്ങളുമായി മുമ്പോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം.