പൊടുന്നനെ ഗ്രാമീണ സർവീസ് നിർത്തി കെ.എസ്.ആർ.ടി.സി: ദുരിതത്തിലായി യാത്രക്കാരും വിദ്യാർത്ഥികളും

അടിമാലി: നാളുകളായി നടത്തിവന്നിരുന്ന ഗ്രാമീണ സർവീസ് പൊടുന്നനെ നിർത്തിയതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. കട്ടപ്പനയിൽ നിന്നും രാവിലെ 6.30 ന് പുറപ്പെട്ട് തോപ്രാംകുടി, മുരിക്കാശേരി, കമ്പിളികണ്ടം, അഞ്ചാംമൈൽ, കൊന്നത്തടി, വെള്ളത്തൂവൽ, ആനച്ചാൽ വഴി മൂന്നാറിലേക്കുള്ള സർവീസാണ് നിലച്ചത്. ഒട്ടനവധി സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർ ആശ്രയിച്ച് വന്നിരുന്ന യാത്രാ സൗകര്യം ഇല്ലാതായത് ഇവരുടെ ദുരിതം വർദ്ധിക്കാൻ കാരണമായി.
സ്കൂൾ -കോളേജ് വിദ്യാർത്ഥികളും ഇതേ ബസിനെ ആശ്രയിച്ചിരുന്നു. അഞ്ചാംമൈൽ – കൊന്നത്തടി – വെള്ളത്തൂവൽ റോഡിൽ മറ്റ് ബസ് സർവീസ് ഇല്ലെന്നതും പ്രശ്നത്തിൻ്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. നാട്ടുകാർ പരാതിയുമായി കട്ടപ്പന ഡിപ്പോ അധികൃതരെ സമീപിച്ചെങ്കിലും വണ്ടിയുടെ എണ്ണം കുറവാണെന്ന മറുപടിയാണ് ലഭിച്ചത്. പരീക്ഷാ സമയത്ത് അപ്രതീക്ഷിതമായി ബസ് സർവീസ് ഇല്ലാതായതോടെ രക്ഷിതാക്കളും പ്രതിസന്ധിയിലായി.
സമയബന്ധിതമായി ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താൻ കഴിയാതെ പ്രതിസന്ധിയിലായ പ്രദേശ വാസികളുടെ പരാതി പരിഹരിക്കണമെന്നതാണ് ആവശ്യം.