മച്ചിപ്ലാവിലെ പാർപ്പിട സമുച്ചയത്തിലെ പരാധീനതകൾ എന്ന് പരിഹരിക്കും; പറഞ്ഞ് മടുത്തെന്ന് കുടുംബങ്ങൾ

അടിമാലി: അടിമാലി മച്ചിപ്ലാവില്‍ പണി കഴിപ്പിച്ചിട്ടുള്ള പാര്‍പ്പിട സമുച്ചയത്തിലെ കുടുംബങ്ങളുടെ ജീവിതം ദുസഹം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് മച്ചിപ്ലാവില്‍ പാര്‍പ്പിട സമുച്ചയമൊരുക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബങ്ങള്‍ക്ക് പുനരധിവാസം സാധ്യമാക്കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഇപ്പോള്‍ പാര്‍പ്പിട സമുച്ചയത്തിലെ കുടുംബങ്ങള്‍ വിവിധ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയാണ്. പാര്‍പ്പിട സമുച്ചയത്തിലെ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അനുഭവപ്പെടുന്ന അസഹനീയ ദുര്‍ഗന്ധമാണ് കുടുംബങ്ങളെ വലക്കുന്ന പ്രധാന പ്രശ്നം.

മലിന ജല സംസ്ക്കരണം വേണ്ടവിധം നടക്കാത്തതാണ് പ്രതിസന്ധി ഉയര്‍ത്തുന്നത്. കോമ്പൗണ്ടിനുള്ളില്‍ പലയിടത്തും മലിന ജലം നിരന്നൊഴുകുന്നു. അസഹനീയമായ ദുര്‍ഗന്ധം തങ്ങളെ വല്ലാതെ വലക്കുന്നുവെന്ന് കുടുംബങ്ങള്‍ പറഞ്ഞു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കാത്തതാണ് പ്രതിസന്ധി കാരണമെന്നാണ് ആക്ഷേപം.
ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ ഭാഗമായുള്ള പൈപ്പുകള്‍ പലതും തുരുമ്പെടുത്തു. വൈദ്യുതിയുമായി ബന്ധപ്പെട്ട ബഹുനില കെട്ടിടത്തിലെ മുറിക്കുള്ളില്‍ പോലും മലിനജലം കെട്ടികിടക്കുന്നു. ബഹുനില കെട്ടിടത്തിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തതും ആളുകളെ വലക്കുകയാണ്. ഗ്യാസ് കുറ്റിയടക്കം ചുമന്ന് മുകളില്‍ കയറ്റണം. പ്രായമായവരും രോഗികളുമൊക്കെ ഇക്കാര്യത്തില്‍ പ്രായസമനുഭവിക്കുന്നു. ഖരമാലിന്യ സംസ്ക്കരണത്തിനായി ഒരുക്കിയ സംവിധാനവും താറുമാറായി. പല വീടുകളുടെയും മേല്‍ക്കൂരയില്‍ വെള്ളത്തിന്റെ ചോര്‍ച്ചയുണ്ട്. വയറിംഗ് സംബന്ധമായ അനുബന്ധ ജോലികളിലും നവീകരണം നടത്തണം.

പ്രശ്ന പരിഹാരത്തിനായി തങ്ങള്‍ പരാതികള്‍ പറഞ്ഞ് മടുത്തുവെന്ന് കുടുംബങ്ങള്‍ നിസ്സഹായരായി പറയുന്നു. പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴും അത് എപ്പോഴെന്ന ചോദ്യം കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു. കഴിഞ്ഞ കുറെക്കാലങ്ങളായി തങ്ങള്‍ ഈ ദുരിതം അനുഭവിക്കുന്നുവെന്നും ഇനിയെങ്കിലും ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നുമാണ് പാര്‍പ്പിട സമുച്ചയത്തിലെ കുടുംബങ്ങളുടെ ആവശ്യം.