KeralaLatest NewsLocal news

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും


രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും.

ബാന്‍ഡ് സംഘം ഉള്‍പ്പടെ പതിനെട്ട് പ്ലറ്റൂണുകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. പോലീസ്, വനംവകുപ്പ്, എക്സൈസ്, എന്‍ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്സ്, ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ കട്ടപ്പന സര്‍ക്കാര്‍ കോളേജ്, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, എം ആര്‍ എസ് പൈനാവ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, എസ് എന്‍ എച്ച് എസ് എസ് കഞ്ഞിക്കുഴി, സെന്റ്. മേരിസ് എച്ച് എസ് എസ് മുരിക്കാശേരി, എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുക്കും.

രാവിലെ 8.40 ന് പ്ലറ്റൂണുകള്‍ ഗ്രൗണ്ടില്‍ അണിനിരക്കും. 8.45 ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും.
8.50 ന് ജില്ലാ പോലീസ് മേധാവിയും ജില്ലാ കളക്ടറും തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനും ഗ്രൗണ്ടിലെത്തും. ദേശീയ പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിക്കും. തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റിന് ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.

റിപ്ലബിക് ദിനത്തില്‍ പരേഡിന് എത്തിച്ചേരുന്നവരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആര്‍ടിസി കട്ടപ്പനയില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തും. കൂടാതെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇടുക്കി ഡാം വൈദ്യുതദീപങ്ങളാല്‍ അലങ്കരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനോഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ  അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.  

പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്,  മരിയാപുരം പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവര്‍ക്കാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കുന്നതിനുള്ള ചുമതല. പരേഡ് പരിശീലനവും റിഹേഴ്‌സലും ഐ ഡി എ മൈതാനത്ത് ആരംഭിച്ചുകഴിഞ്ഞു. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാവും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങള്‍ക്ക് പരേഡ് കാണുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!