
മൂന്നാര്‍: ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാംഘട്ട നിര്‍മ്മാണ പൂര്‍ത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം മൂന്നാറില്‍ നടന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ദേവികുളം എം എല്‍ എ എ രാജ അധ്യക്ഷത വഹിച്ചു. പഴയ മൂന്നാറില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസിന്റെ പിറകിലുള്ള മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, നടപ്പാത തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. 3 കോടി 65 ലക്ഷം രൂപ ചിലവിട്ടാണ് സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മൂന്നാംഘട്ട നിര്‍മ്മാണത്തില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം, ചെസ്‌കോര്‍ട്ട്, സ്നേക്ക് ലാഡര്‍, നടപ്പാത എന്നിവയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഉദ്ഘാടന യോഗത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.