
മാങ്കുളം: മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ് അപകട തുരുത്താണ്. മുമ്പും ഇവിടെ നിരവധിയായ വാഹനാപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടതിൽ ഏറെയും ട്രാവലറുകളാണ്. ആനക്കുളം മാങ്കുളം റോഡ് മുഖം മിനുക്കിയ ശേഷവും വാഹനാപകടങ്ങൾ സംഭവിച്ചു. ഇറക്കവും കൊടുംവളവും നിറഞ്ഞ ഭാഗമാണിവിടം. റോഡ് നവീകരിച്ച ശേഷം ഈ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കുകയും ഇറക്കം തുടങ്ങുന്ന ഭാഗത്ത് അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. പക്ഷെ റോഡിൻ്റെ അശാസ്ത്രീയത മൂലം അപകടങ്ങൾ ആവർത്തിക്കപ്പെട്ടു.
റോഡ് ടാറിംഗ് നടത്തിയതോടെ വാഹനങ്ങൾ പ്രദേശത്തു കൂടി വേഗതയിൽ കടന്നു പോകുന്ന സാഹചര്യമുണ്ട്. ഇറക്കമിറങ്ങുന്നതിനിടയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. മുമ്പ് വാഹനങ്ങൾ അപകടത്തിൽ പെട്ടപ്പോഴൊക്കെയും തലനാരിഴക്കാണ് വലിയ അപകടമൊഴിവായി പോയത്. മുന്നറിയിപ്പ് ബോർഡും ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടും അപകടം കുറയാത്ത സാഹചര്യത്തിൽ ഇറക്കം ആരംഭിക്കുന്നതിന് മുമ്പ് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഹമ്പ് സ്ഥാപിക്കാവുന്നതാണെന്ന വാദമുയരുന്നു.
വലിപ്പമുള്ള അപകടമുന്നറിയിപ്പ് ബോർഡ് വേണമെന്നും ആവശ്യമുണ്ട്. ആനക്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികൾ വഴി പരിചയമുള്ളവരല്ല. മധ്യവേനൽ അവധി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കും. അതിന് മുമ്പായി അപകടം നിയന്ത്രിക്കുവാനുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.