ദേവികുളം തഹസീല്‍ദാര്‍ ഓഫീസിന് മുമ്പില്‍ ഉപരോധ സമരവുമായി അഡ്വ. എ രാജ എം എല്‍ എ

മൂന്നാര്‍: ദേവികുളം തഹസീല്‍ദാര്‍ ഓഫീസിന് മുമ്പില്‍ ഉപരോധ സമരവുമായി അഡ്വ. എ രാജ എം എല്‍ എ.പട്ടയ ഭൂമിയില്‍ വീട് വയ്ക്കാന്‍ എന്‍ ഒ സി അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്നും ഇത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുവെന്നും ആരോപിച്ചായിരുന്നു തഹസീല്‍ദാര്‍ ഓഫീസിന് മുമ്പിലെ എം എല്‍ എയുടെ സമരം. കഴിഞ്ഞ ഏഴെട്ട് മാസങ്ങളായി ആളുകള്‍ എന്‍ ഒ സിക്കായി അപേക്ഷ കൊടുക്കുന്നുവെന്നും നിലവില്‍ ഏകദേശം 300ഓളം അപേക്ഷകള്‍ താലൂക്കോഫീസില്‍ കെട്ടികിടക്കുന്ന സ്ഥിതിയാണുള്ളതെന്നും എം എല്‍ എ പറഞ്ഞു.
വിഷയത്തില്‍ പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ തുടര്‍ സമരവുമായി രംഗത്ത് വരുമെന്ന് എ രാജ എം എല്‍ എ വ്യക്തമാക്കി. പട്ടയ വസ്തുവുള്ളയാള്‍ വീടു പണിയുവാന്‍ എന്‍ ഒ സിക്കായി അപേക്ഷ സമര്‍പ്പിച്ചാല്‍ പോലും സമയത്ത് എന്‍ ഒ സി ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്. എന്‍ ഒ സിക്കായി അപേക്ഷ സമര്‍പ്പിച്ചാല്‍ സ്ഥലം പരിശോധിച്ച് വീടോ കെട്ടിടമോ പണിയാന്‍ യോഗ്യമെങ്കില്‍ എന്‍ ഒ സി നല്‍കുകയാണ് വേണ്ടത്. പക്ഷെ നിലവില്‍ വലിയ അളവില്‍ എന്‍ ഒ സിക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ കെട്ടികിടക്കുന്ന സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ പല തവണ പ്രശ്‌ന പരിഹാരം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളതാണെന്നും എം എല്‍ എ വ്യക്തമാക്കി.



