
മാങ്കുളം: നിരവധിയാളുകള്‍ ആശ്രയിക്കുന്ന വിരിപാറ, ലക്ഷ്മി, മൂന്നാര്‍ റോഡ് തകര്‍ന്ന് യാത്രാ ക്ലേശം രൂക്ഷം. മൂന്നാറില്‍ നിന്ന് മാങ്കുളത്തേക്കും മാങ്കുളത്തു നിന്ന് മൂന്നാറിലേക്കും ഏറ്റവും എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്ന റോഡാണ് വിരിപാറ, ലക്ഷ്മി, മൂന്നാര്‍ റോഡ്്. വിരിപാറയില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ ദൂരം മാത്രമെ മൂന്നാറിലേക്കൊള്ളു. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും നിരവധിയാളുകള്‍ ഈ റോഡിലൂടെ യാത്ര ചെയ്യുന്നു. എന്നാല്‍ തൊഴിലാളി കുടുംബങ്ങളും വിനോദ സഞ്ചാരികളും ഒരേ പോലെ ആശ്രയിച്ച് വരുന്ന ഈ റോഡ് പൊട്ടിപൊളിഞ്ഞതാണിപ്പോള്‍ യാത്രാ ക്ലേശമുയര്‍ത്തുന്നത്. മുമ്പ് ഇതുവഴി ബസ് സര്‍വ്വീസ് നടന്ന് വന്നിരുന്നു.
റോഡ് തകര്‍ന്നതോടെ ആളുകള്‍ കുരിശുപാറ, കല്ലാര്‍, രണ്ടാംമൈല്‍ വഴിയാണിപ്പോള്‍ മൂന്നാറിലേക്ക് യാത്ര ചെയ്യുന്നത്. ഇത് അധിക ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതിനൊപ്പം അധിക സമയവും പണവും ചിലവഴിക്കേണ്ടി വരുന്നു.മൂന്നാറിന്റേയും മാങ്കുളത്തിന്റേയും വിനോദ സഞ്ചാരത്തിന് ഒരേ പോലെ സഹായകരമാകുന്ന റോഡാണ് ടാറിംഗ് ഇളകിയതോടെ വലിയ യാത്രാ ദുരിതം സമ്മാനിക്കുന്നത്. റോഡ് പൊളിഞ്ഞ് കിടക്കുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ കൈനഗിരി വെള്ളച്ചാട്ടത്തിനും ടൈഗര്‍ കേവിനും തിരിച്ചടിയാണ്.

വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടി
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ മാങ്കുളത്തേക്കെത്താന്‍ തിരഞ്ഞെടുക്കുന്നപാതയാണിത്. ലക്ഷ്മി വഴി പരന്ന് കിടക്കുന്ന തേയിലക്കാടുകളുടെയും കുന്നിന്‍ ചെരിവുകളുടെയും ഇടയിലൂടെയുള്ള യാത്രയാണ് സഞ്ചാരികളെ ഹരം പിടിപ്പിക്കുന്നത്. ഈ കാരണം കൊണ്ടു തന്നെ കെ എസ് ആര്‍ ടി സി ജംഗിള്‍ സഫാരിയടക്കം ഇതുവഴി നടന്ന് വരുന്നുണ്ട്. കൈനഗരി വെള്ളച്ചാട്ടത്തിലേക്കും വിരിപാറയിലെ ടൈഗര്‍ കേവിലേക്കുമൊക്ക മൂന്നാറില്‍ നിന്ന് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് തകര്‍ന്ന് കിടക്കുന്ന ഈ പാതയിലൂടെയാണ്.റോഡിന്റെ ശോചനീയാവസ്ഥ സഞ്ചാരികളെ വലക്കുന്നു.റോഡ് നവീകരിച്ചാല്‍ മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖലക്ക് കരുത്താകും.
തോട്ടം തൊഴിലാളികള്‍ ആശ്രയിക്കുന്ന പാത
വിരിപാറ, കൈനഗിരി മേഖലയിലെ തോട്ടം തൊഴിലാളികളായ കുടുംബങ്ങളാണ് വിരിപാറ, ലക്ഷ്മി, മൂന്നാര്‍ റോഡ് കൂടുതലായി ഉപയോഗിക്കുന്നത്. ഇവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി മൂന്നാറിലേക്ക് യാത്ര ചെയ്യുന്നത് ഈ റോഡിലൂടെയാണ്. ഇതിന് പുറമെ മാങ്കുളത്ത് നിന്നുള്ള ആളുകളും ഇതുവഴി യാത്ര ചെയ്യുന്നത്. റോഡ് തകര്‍ന്ന് കിടക്കുന്നത് ഏറ്റവും അധികം വലക്കുന്നത് ഇരുചക്രവാഹനയാത്രികരേയും മറ്റ് ചെറുവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരേയുമാണ്.മുമ്പ് ഇതുവഴി വഴി മാങ്കുളത്തു നിന്നും മൂന്നാറിലേക്ക് ബസ് സര്‍വ്വീസ നടന്നു വന്നിരുന്നു.പിന്നീടിത് നിലച്ചു.ഈ റോഡ് യാത്രയോഗ്യമായാല്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായകരമാകും.
