മൂന്നാറില്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നയവിശദീകരണ യോഗം സംഘടിപ്പിച്ചു

മൂന്നാര്‍: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുകയും ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ മുന്നണി ബന്ധം അവസാനിപ്പിച്ച് ബി ജെ പിയില്‍ ചേര്‍ന്ന സാഹചര്യവും പരിഗണിച്ചായിരുന്നു മൂന്നാറില്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നയവിശദീകരണയോഗം സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വഞ്ചകനാണ് എസ് രാജേന്ദ്രനെന്ന് സി വി വര്‍ഗീസ് പറഞ്ഞു.എസ് രാജേന്ദ്രനെതിരെ യോഗത്തില്‍ സംസാരിച്ച എല്‍ ഡി എഫ് നേതാക്കള്‍ എല്ലാം രൂക്ഷ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.
നയവിശദീകരണ യോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഎം മൂന്നാര്‍ ഏരിയ സെക്രട്ടറി എം രാജന്‍ അധ്യക്ഷനായി. അഡ്വ. എ രാജ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്മണന്‍, കെ കെ വിജയന്‍, ആര്‍ ഈശ്വരന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ എ രാജേന്ദ്രന്‍, വി മാരിയപ്പന്‍, പി കെ കൃഷ്ണന്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം എം വൈ ഔസേഫ്, പി മുത്തുപ്പാണ്ടി, അഡ്വ. ടി ചന്ദ്രപാല്‍, ടി എം മുരുകന്‍ എന്നിവര്‍ സംസാരിച്ചു.



