
മാങ്കുളം: കല്ലാര്‍ മാങ്കുളം റോഡില്‍ സുകുമാരന്‍ കടക്ക് സമീപം അപകടം പതിയിരിക്കുന്ന കൊടുംവളവില്‍ കെര്‍വിഡ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിക്കണമെന്നാവശ്യം. കുത്തനെ ഇറക്കവും വളവും നിറഞ്ഞ ഭാഗമാണിവിടം. കൊടുംവളവായ ഈ ഭാഗത്ത് എതിര്‍ ദിശകളില്‍ നിന്നും വരുന്ന വാഹനം കാണുക വാഹമോടിക്കുന്നവര്‍ക്ക് അസാധ്യമാണ്. വാഹനങ്ങള്‍ വേഗതയില്‍ കടന്നു പോകുന്ന ഇടംകൂടിയാണിവിടം. തൊട്ടരികില്‍ എത്തുമ്പോള്‍ മാത്രമെ എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനം വാഹനമോടിക്കുന്നവര്‍ കാണുകയൊള്ളു. പലപ്പോഴും അപകടങ്ങള്‍ തലനാരിഴക്ക് ഒഴിവായി പോകുന്ന സാഹചര്യത്തിലാണ് കെര്‍വിഡ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.
മുമ്പിവിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചപകടം സംഭവിച്ചിട്ടുണ്ട്. രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം സുഗമമായി ഇരു ദിശകളിലേക്കും കടന്ന് പോകാനുള്ള വിസ്താരം ഈ പ്രദേശത്ത് റോഡിനില്ല. വിനോദ സഞ്ചാര മേഖലയായതോടെ വലിയ ടൂറിസ്റ്റ് ബസുകളടക്കം മാങ്കുളത്തേക്കെത്തുന്നുണ്ട്. വഴി പരിചയമില്ലാതെത്തുന്നവര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇരു ദിശകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാനാകും വിധം മിറര്‍ സ്ഥാപിച്ചാല്‍ കൊടുംവളവിലെ അപകടക്കെണി ഒഴിവാക്കാം.