
മൂന്നാര്‍: എല്‍ ഡി എഫിനും യു ഡി എഫിനും എന്‍ ഡി എക്കും ഇത്തവണ ദേവികുളം മണ്ഡലത്തില്‍ അഭിമാന പോരാട്ടമാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും ആഗ്രഹിക്കുന്നില്ല. തുടര്‍ച്ചയായ അഞ്ചാം വിജയമാണ് മണ്ഡലത്തില്‍ എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത്. വിജയത്തിലൂടെ യു ഡി എഫിനും എന്‍ ഡി എക്കും മാത്രമല്ല മുന്നണി ബന്ധം അവസാനിപ്പിച്ച എസ് രാജേന്ദ്രനു കൂടിയുള്ള മറുപടിയാകണം ഇത്തവണത്തെ നിയമ സഭ തിരഞ്ഞെടുപ്പെന്ന് എല്‍ ഡി എഫ് ആഗ്രഹിക്കുന്നു.
എസ് രാജേന്ദ്രന് പാര്‍ട്ടി ബന്ധം അവസാനിപ്പിച്ചിട്ടും സിപിഎമ്മിനും മുന്നണിക്കും ഒന്നും സംഭവിച്ചില്ലായെന്ന് തെളിയിക്കാനുള്ള അവസരമായി കൂടി എല്‍ ഡി എഫ് ഈ നിയമസഭ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നു. സിപിഎമ്മിനോട് കലഹിച്ച് പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച എസ് രാജേന്ദ്രനും എസ് രാജേന്ദ്രനെ ഒപ്പം ചേര്‍ത്ത ബി ജെ പിയും എന്‍ ഡി എയും മണ്ഡലം കൈപ്പിടിയില്‍ ഒതുക്കാനുള്ള സുവര്‍ണ്ണാവസരമായി ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നു.
2021 നെ അപേക്ഷിച്ച് ബിജെപിക്ക് മണ്ഡലത്തിലാകെ വേരോട്ടമുണ്ടായിട്ടുണ്ടെന്നാണ് ബിജെപിയുടെയും എന്‍ ഡി എയുടെയും കണക്ക് കൂട്ടല്‍. തോട്ടം, കാര്‍ഷിക, ആദിവാസി മേഖലകളിലുള്ള മുന്നണിയുടെ അടിസ്ഥാന വോട്ടുകള്‍ക്കൊപ്പം എസ് രാജേന്ദ്രനിലൂടെ സമാഹരിക്കാന്‍ കഴിയുന്ന വോട്ടുകള്‍ കൂടിയാകുമ്പോള്‍ മണ്ഡലത്തില്‍ കന്നിവിജയം കരസ്ഥമാക്കാമെന്ന് എന്‍ ഡി എ കണക്കാക്കുന്നു. സിപിഎമ്മിനോട് കലഹിച്ച് പുറത്തുപോയ എസ് രാജേന്ദ്രന് തന്റെ രാഷ്ട്രീയ ബലം തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.
എല്‍ ഡി എഫില്‍ നിന്ന് മാത്രമല്ല യു ഡി എഫില്‍ നിന്നും തനിക്ക് അനുകൂലമായി വോട്ട് ചോര്‍ച്ചയുണ്ടാകുമെന്ന് എസ് രാജേന്ദ്രന് പ്രതീക്ഷിക്കുന്നു. ദേവികുളം മണ്ഡലം തിരികെ പിടിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമായിട്ടാണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. എസ് രാജേന്ദ്രന് എഫ്ക്റ്റ് എല്‍ ഡി എഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. മണ്ഡലത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരം കൂടി ഉണ്ടായാല്‍ രണ്ട് പതിറ്റാണ്ടോളമായി അകന്ന് നില്ക്കുന്ന മണ്ഡലത്തെ തിരികെ പിടിക്കാമെന്ന പ്രതീക്ഷ യു ഡി എഫ് ക്യാമ്പ് വച്ച് പുലര്‍ത്തുന്നു.
എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന് ഇന്ന് തോട്ടം മേഖലയിലായിരുന്നു പ്രചാരണം നടത്തിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി എഫ് രാജ ഇന്ന് അടിമാലി മേഖലയിലെ വിവിധ ആദിവാസി ഇടങ്ങളില്‍ എത്തി വോട്ടഭ്യര്‍ത്ഥിച്ചു. യു ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്വന്ഷന് നാളെ മൂന്നാറില്‍ നടക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജ ഇന്ന് മൂന്നാറില്‍ തോട്ടം മേഖലകളിലൂടെയായിരുന്നു പ്രചാരണം നടത്തിയത്.



