KeralaLatest NewsLocal news

ചിക്കന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് മൂന്നാറില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം

മൂന്നാര്‍: ചിക്കന്‍സെന്ററുകള്‍ കേന്ദ്രീകരിച്ച് മൂന്നാറില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം. പണം നഷ്ടമാകാതെ മൂന്നാറിലെ ചിക്കന്‍സെന്റര്‍ ഉടമ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. എട്ട് കിലോ കോഴിയിറച്ചി വേണമെന്നാവശ്യപ്പെട്ടായിരുന്നു മൂന്നാറിലെ ചിക്കന്‍സെന്ററിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തിയത്. മൂന്നാറിലൊരു ആശുപത്രിയിലെ ഡോക്റാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ സംഭാഷണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ ഉപയോഗിച്ചായിരുന്നു ആശയവിനിമയം.1160 രൂപയാകുമെന്ന് കട ഉടമ കോഴിയിറച്ചി ആവശ്യപ്പെട്ട ആളെ അറിയിച്ചു.

അല്‍പ്പ സമയത്തിന് ശേഷം വീണ്ടും കട ഉടമക്ക് ഫോണ്‍ കോള്‍ എത്തി. ഇരുപത്തോരായിരത്തി ഒരുന്നൂറ്റിഅറുപത് രൂപ അറിയാതെ കട ഉടമയുടെ അക്കൗണ്ടിലേക്കിട്ടെന്നും ഇരുപതിനായിരം രൂപ തിരികെ ഇടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. തെളിവായി മറുസൈഡില്‍ നിന്നും പണം പോയതിന്റെ സ്‌ക്രീന്‍ ഷോട്ടും കട ഉടമക്ക് അയച്ചു. എന്നാല്‍ കട ഉടമ പരിശോധിച്ചതില്‍ നിന്നും പണം എത്തിയിട്ടില്ലെന്ന് ബോധ്യമായി.

ഇതോടെ പണം നല്‍കാനാകില്ലെന്ന് ഫോണിലൂടെ ആശയ വിനിമയം നടത്തിയയാളെ കട ഉടമ അറിയിച്ചു. സ്‌ക്രീന്‍ ഷോട്ട് കണ്ട് പണം തിരികെ അയക്കാതെ പരിശോധിച്ച് പണം നല്‍കാനുള്ള കട ഉടമയുടെ തീരുമാനം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകരമായി. സംഭവത്തില്‍ കട ഉടമ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച് ജാഗ്രത വേണമെന്ന് മൂന്നാര്‍ പോലീസും അറിയിച്ചു. നാളുകള്‍ക്ക് മുമ്പ് അടിമാലിയില്‍ സമാന രീതിയില്‍ ഒരു വ്യാപാരിയെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കബളിപ്പിക്കുകയും വ്യാപാരിക്ക് പണം നഷ്ടമാകുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!