
അടിമാലി: ഭവന രഹിതര്‍ക്ക് വീട് ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ സ്വീകരിക്കുകയും പദ്ധതിയില്‍ ഇടംപിടിച്ചവരുടെ പട്ടിക പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ആക്ഷേപമുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനും അവസരമൊരുക്കി. എന്നാല്‍ പിന്നീടുണ്ടാകേണ്ടുന്ന തുടര്‍ നടപടികള്‍ക്ക് വേണ്ടത്ര വേഗത ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
നിലവില്‍ ഉള്ള വീട് വാസയോഗ്യമല്ലാതായി തീര്‍ന്നവരും സ്വന്തമായി വീടില്ലാത്തവരും വാടകവീടുകളില്‍ കഴിയുന്നവരും വീട് വയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരും രോഗികളും നിര്ധനരുമൊക്കെയാണ് പദ്ധതിയുടെ ഭാഗമാകാന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളയാളുകള്. പദ്ധതി നടത്തിപ്പ് നീണ്ടാല്‍ ഇവര്‍ കൂടുതല്‍ ദുരിതത്തിലാകും. മറ്റൊരു മഴക്കാലം കൂടി പടിവാതില്ക്കല് എത്തിയതോടെ അടച്ചുറപ്പുള്ള വീടില്ലാത്തവര്‍ ആശങ്കയുടെ വക്കിലാണ്.