ആറുമാസത്തിനകം ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം; മുഖ്യമന്ത്രി ഉറപ്പു നല്കിയെന്ന് അഡ്വ. സേനാപതി വേണു എംഎൽഎ

പതിറ്റാണ്ടുകളായി ഇടുക്കി ജില്ലയിലെ ജനങ്ങൾ അനുഭവിച്ചുപോരുന്ന ഭൂപ്രശ്നങ്ങൾക്ക് അടുത്ത ആറു മാസത്തിനുള്ളിൽ പൂർണവും ശാശ്വതവുമായ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉറപ്പുനൽകിയതായി ഉടുമ്പൻചോല എംഎൽഎ സേനാപതി വേണു. ജനങ്ങളുടെ ആശങ്കകൾക്ക് അറുതിവരുത്തിക്കൊണ്ട്, പ്രായോഗികവും ജനകീയവുമായ നടപടികളിലൂടെ ഈ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ ഭരണകൂടത്തിൻ്റെ നൂറുദിന കർമ്മപദ്ധതിയിൽ ഇടുക്കിയെ ഉൾപ്പെടുത്തും. ഭൂപ്രശ്ന പരിഹാരത്തിനായുള്ള നിർണായക നീക്കങ്ങൾ ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിലൂടെ കേരള ടൂറിസത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
ഭൂപ്രശ്ന പരിഹാരത്തിനായുള്ള പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടമെന്ന നിലയിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും അടിയന്തര യോഗം വിളിച്ചുചേർക്കുമെന്ന് എംഎൽഎ അറിയിച്ചു. പ്രാദേശികമായ പ്രശ്നങ്ങളും അവയുടെ സങ്കീർണതകളും കൃത്യമായി മനസിലാക്കുന്നതിനും, ജനകീയ പങ്കാളിത്തത്തോടെയുള്ള പരിഹാര ഫോർമുല രൂപീകരിക്കുന്നതിനുമാണ് ഈ യോഗം ലക്ഷ്യമിടുന്നത്.
ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള സുതാര്യമായ നടപടികളായിരിക്കും സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവുക. ഇതിനായി നിലവിലുള്ള ചില പ്രായോഗികമല്ലാത്ത ഉത്തരവുകൾ പിൻവലിക്കേണ്ടി വരും. അതോടൊപ്പം തന്നെ ജനങ്ങൾക്ക് അനുകൂലമായ പുതിയ ഉത്തരവുകൾ പുറപ്പെടുവിക്കാനും സർക്കാർ തയ്യാറാകും. ആറുമാസത്തിനുള്ളിൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടാകും. ഇടുക്കി ജില്ലക്ക് നൽകിയ ഉറപ്പ് പാലിക്കും അതിനുള്ള നടപടികൾ സ്വീകരിക്കും,” സേനാപതി വേണു എംഎൽഎ പറഞ്ഞു.
ഇടുക്കിയിലെ സവിശേഷമായ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ സാഹചര്യങ്ങൾ പരിഗണിച്ച്, മുൻകാലങ്ങളിൽ പുറപ്പെടുവിച്ചതും നിലവിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ചില ഉത്തരവുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുകയോ അല്ലെങ്കിൽ അവ പിൻവലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. അതിനുപകരമായി കർഷകർക്കും സാധാരണക്കാർക്കും തങ്ങളുടെ ഭൂമിയിൽ പൂർണമായ അവകാശം ഉറപ്പാക്കുന്ന പുതിയ ഉത്തരവുകൾ സർക്കാർ ഉടൻ തന്നെ പുറത്തിറക്കും.
ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തിപരമായി നൽകിയ ഈ ഉറപ്പ് പൂർണമായും പാലിക്കപ്പെടുമെന്നും, അതിനായുള്ള സമയബന്ധിതമായ തുടർനടപടികൾ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞതായും അഡ്വ സേനാപതി വേണു എംഎൽഎ വ്യക്തമാക്കി. സർക്കാരിൻ്റെ ഈ നീക്കം ഇടുക്കിയിലെ മലയോര ജനതയ്ക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് പകരുന്നത്.



