അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസിന് സ്വന്തമായി പുതിയ കെട്ടിടം വേണം

മാങ്കുളം: അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസിന് സ്വന്തമായി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ആവശ്യം. വര്‍ഷങ്ങളായി ഓഫീസ് പ്രവര്‍ത്തിക്കുന്നത് കാംകോ ജംഗ്ഷനില്‍ ദേശിയപാതയോരത്ത് കാര്യമായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടക കെട്ടിടത്തിലാണ്. ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യമാണിപ്പോള്‍ ഉയരുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഇരുപതിലധികം ജീവനക്കാര്‍ ഈ ഓഫീസില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. കേസുകളുമായി ബന്ധപ്പെട്ട തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതും ജീവനക്കാര്‍ വിശ്രമിക്കുന്നതുമെല്ലാം പരിമിതികളുള്ള ഈ പഴയ കെട്ടിടത്തിലാണ്. മുമ്പ് ഓഫീസ് കെട്ടിടം മഴയത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് മേല്‍ക്കൂര ഷീറ്റ് മേഞ്ഞു. സ്വന്തമായി കെട്ടിടം യാഥാര്‍ത്ഥ്യമായാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാമെന്നതിനൊപ്പം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വാടകയിനത്തില്‍ നഷ്ടമാകുന്ന തുകയും ലാഭിക്കാം.