
മാങ്കുളം: സ്‌കൂളുകളും കോളേജുകളും തുറക്കുന്നതോടെ വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാങ്കുളത്തു നിന്നും വിവിധ മേഖലകളിലേക്ക് നടന്നു വന്നിരുന്നതും പിന്നീട് നിലച്ചതുമായ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ നടപടി വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. തിരുവല്ല, കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്ക് നടന്നു വന്നിരുന്ന കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലച്ചിട്ട് നാളുകളേറെയായി.
അരഡസനിലധികം കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന മാങ്കുളത്തേക്കിപ്പോള്‍ രണ്ട് കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ആദിവാസി മേഖലകളടങ്ങുന്ന മാങ്കുളത്തോട് കെ എസ് ആര്‍ ടി സി അവഗണന പുലര്‍ത്തുന്നുവെന്നാണ് പരാതി. പുലര്‍ച്ചെ പുറപ്പെട്ട് ഉച്ചക്ക് മുമ്പായി തിരുവല്ലയിലും കോട്ടയത്തുമൊക്കെ എത്തുന്ന രീതിയിലായിരുന്നു മുമ്പ് മാങ്കുളത്തു നിന്നും ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടന്നു വന്നിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല തുടങ്ങിയ ഇടങ്ങളിലേക്കൊക്കെ വിവിധ ആവശ്യങ്ങള്‍ക്ക് പോയിരുന്ന ആളുകള്‍ക്ക് ഈ ദീര്‍ഘദൂര സര്‍വ്വീസുകള്‍ സഹായകരമായിരുന്നു. അയല്‍ ജില്ലകളില്‍ പോകുന്നയാളുകള്‍ക്ക് ഉച്ചക്ക് ശേഷമുള്ള മടക്കയാത്രക്കും ഈ ദീര്‍ഘദൂര സര്‍വ്വീസുകള്‍ പ്രയോജനം ചെയ്തിരുന്നു.
രാവിലെ പതിനൊന്നിന് മാങ്കുളത്തു നിന്നും എറണാകുളത്തേക്ക് നടന്നു വന്നിരുന്ന ദീര്‍ഘദൂര സര്‍വ്വീസും നിലച്ചിട്ട് നാളുകളേറെയായി. വൈകിട്ട് നാലിന് അടിമാലിയില്‍ നിന്നും മാങ്കുളത്തേക്ക് നടന്നു വന്നിരുന്ന കെ എസ് ആര്‍ ടി സി സര്‍വ്വീസും ഇല്ലാതായി. മുമ്പ് രാവിലെയും വൈകുന്നേരവും മാങ്കുളത്തു നിന്ന് മൂന്നാറിലേക്കും ഓരോ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. നടന്നു വന്നിരുന്ന ഒട്ടുമിക്ക കെ എസ് ആര്‍ ടി സി സര്‍വ്വീസുകളും മികച്ച വരുമാനം ഉള്ളവയായിരുന്നു. നല്ല നിലയില്‍ നടന്നു വന്നിരുന്ന സര്‍വ്വീസുകള്‍ പലതുമാണ് ആളുകള്‍ക്ക് യാത്രാ ദുരിതം സമ്മാനിച്ച് ഇല്ലാതാക്കിയത്. വൈകിട്ട് ആറ് പത്തിനാണ് അടിമാലിയില്‍ നിന്നും മാങ്കുളത്തേക്കുള്ള അവസാന ബസ്. മുമ്പ് ഏഴിനും, ഏഴ് ഇരുപതിനുമായി ഒരു കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും സര്‍വ്വീസ് നടത്തിയിരുന്നു. ഇവ രണ്ടും നിലച്ചതോടെ വൈകിട്ട് അടിമാലിയില്‍ നിന്നും മാങ്കുളത്തേക്കുള്ള യാത്രാ ക്ലേശവും രൂക്ഷമായി. ദീര്‍ഘദൂര യാത്ര കഴിഞ്ഞ വരുന്നവര്‍ പലപ്പോഴും മാങ്കുളത്തേക്കുള്ള തുടര്‍ യാത്രക്ക് പ്രയാസമനുഭവിക്കുന്ന സ്ഥിതിയുണ്ട്.