സമന്വയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചക്ക വിഭവങ്ങളുടെ മത്സരം സംഘടിപ്പിച്ചു.

അടിമാലി : പ്രാദേശിക ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ചക്കയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രചാരണം എന്നിവ ലക്ഷ്യമിട്ടാണ് സമന്വയ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചക്ക വിഭവങ്ങളുടെ മത്സരം സംഘടിപ്പിച്ചത്. സ്വയംസഹായ സംഘാംഗങ്ങൾക്കായി സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ വിവിധ സ്വയംസഹായ സംഘങ്ങളിലെ 18 ഓളം ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്തു. ചക്ക പിസ്ത, ചക്ക സ്മൂത്തി, മീൻ കറിയുടെ രൂപത്തിൽ ചക്ക കറി, ഹൽവ, ബിരിയാണി, തീയൽ, കേക്ക്, വൈൻ തുടങ്ങി വിവിധയിനം ഭക്ഷണപദാർത്ഥങ്ങളാണ് ചക്ക ഉപയോഗിച്ച് തയ്യാറാക്കിയത്. ചക്കയുടെ പോഷകമൂല്യവും സാമ്പത്തിക സാധ്യതകളും കുടുംബങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരം ശ്രദ്ധേയമായി.
കാർമ്മൽ ഗിരി പ്രോവിൻസ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് കൗൺസിലർ സി. ക്ലാരിസ് സി എം സി അധ്യക്ഷത വഹിച്ചു. ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസർ ആൻ മേരി, സി. ലിസ്യു സി എം സി, സി. ജിയാന സി എം സി, സമന്വയയുടെ ഭാരവാഹികൾ, സ്വയംസഹായ സംഘാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



