അടിമാലി ലക്ഷംവീട് നഗര്‍ നിവാസികളുടെ സമരം: ഭിക്ഷാടന സമരത്തിനൊരുങ്ങി കുടുംബങ്ങള്‍

അടിമാലി ലക്ഷം വീട് നഗര്‍ നിവാസികളുടെ സമരം അടിമാലി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തുടരുകയാണ്. ശക്തമായ മറ്റ് സമരമുറകളിലേക്കു കടക്കാനാണ് തീരുമാനം. ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെ ഭിക്ഷാടകരെപ്പോലെ തെരുവിലിറങ്ങാനാണ് കുടുംബങ്ങളുടെ തീരുമാനം. ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് രണ്ട് ബക്കറ്റുകളുമായി തങ്ങള്‍ ഈ വേറിട്ട പ്രതിഷേധത്തിന് മുതിര്‍ന്നതെന്ന് ഇവര്‍ പറയുന്നു. ബക്കറ്റുകള്‍ വെച്ചുള്ള ഈ പ്രതിഷേധം തങ്ങള്‍ ഒരു ആക്ഷേപമായി ചെയ്യുന്നതല്ലെന്നും, മറിച്ച് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
നീതി നിഷേധത്തിന് അവകാശ ഭിക്ഷ’ എന്ന ബാനറോടെ ഒരു ബക്കറ്റും, ‘ഫയലിലെ വാഗ്ദാനം തെരുവിലെ പാത്രം’ എന്ന ക്യാപ്ഷനോടെ മറ്റൊരു ബക്കറ്റും സ്ഥാപിച്ചാണ് കുടുംബങ്ങള്‍ പ്രതിഷേധിക്കുന്നത്. തങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി നടത്തുന്ന ഈ സമരത്തിലേക്ക് പൊതുജനങ്ങള്‍ ഉദാരമായി സംഭാവന നല്‍കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു.ഞങ്ങള്‍ ആരുടെയും മുന്നില്‍ യാചിക്കുകയല്ല, മറിച്ച് ഞങ്ങളുടെ ന്യായമായ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ പുതിയ സമരമുറയ്ക്ക് തുടക്കം കുറിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.



