ദേശിയപാതയിലൂടെ യുവാക്കളുടെ സാഹസികയാത്ര; തുടര്‍നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

അടിമാലി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്നാറില്‍ ദേശിയപാതയിലൂടെ യുവാക്കള്‍ വാഹനമോടിച്ച സംഭവത്തില്‍ തുടര്‍നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.യുവാക്കള്‍ ഓടിച്ച വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഭാഗത്ത് കൂടെ അപകടകരമായ രീതിയില്‍ യുവാക്കള്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന കാറിനുള്ളില്‍ നിന്നും യുവാക്കള്‍ വാഹനത്തിന്റെ ജനാല വഴി തലയും ശരീരവും പുറത്തിട്ടാണ് സാഹസിക യാത്രക്ക് മുതിര്‍ന്നത്.

വീതി കൂടിയ പാതയിലൂടെ മറ്റു വാഹനങ്ങളെ കണക്കിലെടുക്കാതെ വാഹനം അപകടകരമായി സഞ്ചരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നിയമനടപടി സ്വീകരിച്ചിട്ടുള്ളത്.യുവാക്കള്‍ ഓടിച്ച വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.വാഹനം ശാന്തമ്പാറ പോലീസിന് കൈമാറി.

വാഹനം ഓടിച്ചിരുന്നയാള്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.വാഹനമോടിച്ചിരുന്നയാളുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യങ്ങളിലേക്കടക്കം മോട്ടോര്‍വാഹനവകുപ്പ് കടക്കുമെന്നാണ് വിവരം.സംഭവത്തില്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.