
മാങ്കുളം: മാങ്കുളം മുപ്പത്തിമൂന്നിന് സമീപം ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് അറസ്റ്റില്‍. കൊല്ലപ്പെട്ട തങ്കച്ചന്റെ മകനായ ബിബിനാണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു തങ്കച്ചനെ വീടിനോട് ചേര്‍ന്നുള്ള ഷെഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ സംഭവത്തിലാണ് തങ്കച്ചന്റെ മകനായ ബിബിനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പിതാവിന്റെ മരണം പുറംലോകമറിഞ്ഞതോടെ മാങ്കുളത്തു നിന്നും കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. തങ്കച്ചനുമായി ഉണ്ടായ വഴക്കും വാക്ക് തര്‍ക്കവും കൊലപാതകത്തില്‍ കലാശിച്ചതായാണ് വിവരം. ഞായറാഴ്ച്ചയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് നല്കുന്ന വിവരം.

പ്രതി തങ്കച്ചനെ അടിച്ച് വീഴ്ത്തിയ ശേഷം പ്ലാസ്റ്റിക്ക് ചാക്കുകള്‍ കൊണ്ട് മൂടി ഡീസല്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആള്‍വാസം തീരെ കുറഞ്ഞ പ്രദേശത്തായിരുന്നു തങ്കച്ചന് മകനോടൊപ്പം താമസിച്ച് വന്നിരുന്നത്. പ്രദേശവാസിയായ ഒരാള്‍ ഇതുവഴിയെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. മൂന്നാര്‍ സി ഐ രാജന് കെ അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വിരലടയാളം വിദഗ്തരടക്കം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.