
കര്‍ക്കിടക വാവുബലി തര്‍പ്പണത്തോടനുബന്ധിച്ച് അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താന്‍ സ്വീകരിക്കാന്‍ തീരുമാനം. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്കി. മുന്‍വര്‍ഷങ്ങളില്‍ ശരാശരി അയ്യായിരത്തോളം ഭക്തജനങ്ങളാണ് വാവുബലി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനും തര്‍പ്പണത്തിനുമായി എത്താറുള്ളത്. നിലവില്‍ പ്രദേശത്ത് ജലനിരപ്പ് കുറവാണെങ്കിലും ജില്ലയില്‍ റെഡ് അലര്‍ട്ട് മാറിമാറി വരുന്ന സാഹചര്യത്തില്‍ ശക്തമായ നീരൊഴുക്കിന് സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. അപകടസാധ്യത പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് സംയുക്ത പരിശോധന നടത്തി ഒഴുക്ക് കുറഞ്ഞ സുരക്ഷിത മേഖലകള്‍ മുന്‍കൂട്ടി അടയാളപ്പെടുത്തും.
ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ പാലത്തിനടുത്ത് മരം ദ്രവിച്ചുനില്ക്കുന്നത് ഭക്തര്‍ക്ക് ഭീഷണിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മരത്തിന്റെ അപകടാവസ്ഥ നേരിട്ടു പരിശോധിച്ച് ദുരന്ത നിവാരണ വിഭാഗത്തിലേക്ക് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് എഡിഎം കട്ടപ്പന ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്കി.
ട്രീ കമ്മിറ്റിയില്‍ നിന്ന് പ്രൊപ്പോസല്‍ ലഭ്യമാക്കി, അപകടനില നിലനില്‍ക്കുകയാണെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം മരം മുറിച്ചുമാറ്റാന്‍ അടിയന്തര അനുമതി നല്‍കുമെന്നും എ.ഡി.എം വ്യക്തമാക്കി.
ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 50 പൊലീസുകാരെ പ്രദേശത്ത് നിയോഗിക്കും. പീരുമേട്, കട്ടപ്പന ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ വിപുലമായ ട്രാഫിക് ക്രമീകരണങ്ങള്‍ നടപ്പിലാക്കും.
ചെറിയ പാലത്തില്‍ വെള്ളം കയറിയാല്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ തൂക്കുപാലം മാത്രമാണ് ആശ്രയം. ഇതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഭക്തജനങ്ങളെ കൂട്ടത്തോടെ കയറ്റിവിടാതെ നിയന്ത്രിത അളവില്‍ മാത്രം പ്രവേശിപ്പിക്കും.
പുഴയില്‍ പെട്ടെന്ന് ഒഴുക്ക് കൂടിയാല്‍ പകരമായി സുരക്ഷിത ബലിതര്‍പ്പണ സൗകര്യം ഒരുക്കും. ജില്ലാ ഫയര്‍ ഓഫീസറും കട്ടപ്പന ഡിവൈ.എസ്.പിയും ചേര്‍ന്ന് സുരക്ഷിത സ്ഥാനങ്ങള്‍ മാര്‍ക്ക് ചെയ്യും.
പുഴയും പരിസരപ്രദേശങ്ങളും മലിനമാകാതിരിക്കാന്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.
കര്‍ക്കടക വാവുബലിയോട് അനുബന്ധിച്ച് ഔദ്യോഗികമായി നല്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും തയ്യാറാകണമെന്ന് എ.ഡി.എം പറഞ്ഞു.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു



