
അടിമാലി: തൊട്ടിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കമ്മിഷനിംങ്ങ് വൈകുന്നു. 2009ല്‍ ആണ് തൊട്ടിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമിട്ടത്. ദേവിയാര്‍ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാറില്‍ തടയണ നിര്‍മിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയില്‍ നിര്‍മ്മിച്ചിട്ടുള്ള നിലയത്തില്‍ വെള്ളം എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
2009ല്‍ 207 കോടി രൂപക്കാണ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ നടന്നത്. എന്നാല്‍ പണികള്‍ പാതിവഴിയില്‍ നിലച്ചു. പിന്നീട് 2018ല്‍ എസ്റ്റിമേറ്റ് പുതുക്കിയ ശേഷം 280 കോടിക്ക് വീണ്ടും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് നിര്‍മ്മാണ ജോലികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിയത്. തൊട്ടിയാര്‍ മുതല്‍ പത്താംമൈലിന് സമീപം വരെയുള്ള പുഴയുടെ ഇരു കരകളിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കു വേണ്ടി വൈദ്യുതി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം വനം, റവന്യു വകുപ്പുകളില്‍നിന്ന് പദ്ധതിക്ക് ആവശ്യമായ ഭൂമിയും ഏറ്റെടുത്തിരുന്നു. ദേവിയാര്‍ പുഴക്കു കുറുകെ 222 മീറ്റര്‍ നീളത്തിലാണ് തടയണ നിര്‍മിച്ചിട്ടുള്ളത്.
അനുബന്ധമായി 199 മീറ്റര്‍ നീളത്തില്‍ ടണലും 1,250 മീറ്റര്‍ ദൂരത്തില്‍ പെന്‍സ്റ്റോക്കും സ്ഥാപിച്ചിട്ടുണ്ട്. 2.05 മീറ്റര്‍ ആണ് പെന്‍സ്റ്റോക്കിന്റെ വ്യാസം. പദ്ധതിയുടെ കമ്മീഷനിംഗ് വൈകുന്ന സാഹചര്യത്തില്‍ ഈ മഴക്കാലത്ത് ദേവിയാര്‍ പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം തൊട്ടിയാറിലെ തടയണ നിറഞ്ഞ് പാഴായി ഒഴുകിപോകാനാണ് സാധ്യത.