പഞ്ചസാര വില ഉയര്‍ന്നത് 40 ശതമാനത്തിലേറെ; 10 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ച് കേന്ദ്രം

പഞ്ചസാര വില ഉയരുന്നതിനിടെ രാജ്യത്ത് അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ തീരുമാനം. 10 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി, രണ്ട് മാസത്തിനിടെ ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില 40 ശതമാനത്തിലേറെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്.ഡിജിഎഫ്ടി വിജ്ഞാപനപ്രകാരം ഇളവ് 2026 ഒക്ടോബര്‍ 31 വരെയാണ് നല്‍കുക.
ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് രാജ്യം ഇത്തരത്തില്‍ പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നല്‍കുന്നത്. ഉത്സവ സീസണിലെ ആഭ്യന്തര ആവശ്യകതയും വിലക്കയറ്റവും നിയന്ത്രിക്കുകയാണ് ലക്ഷ്യം. വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ പെട്ടെന്നുള്ള വിലക്കയറ്റം തടയാന്‍ ഈ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര ശുദ്ധീകരണ ശേഷിയുള്ള കമ്പനികള്‍ക്ക് മാത്രമേ ഉല്‍പ്പന്നം ഇറക്കുമതി ചെയ്യാന്‍ അര്‍ഹതയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. മില്ലുകള്‍ക്കും റിഫൈനര്‍മാര്‍ക്കും ഓഗസ്റ്റ് 21 നും ഓഗസ്റ്റ് 28 നും ഇടയില്‍ അപേക്ഷിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ ഈ വര്‍ഷത്തെ മണ്‍സൂണ്‍ മഴ ഈ സീസണില്‍ സാധാരണ ലഭിച്ചിരുന്നതിനേക്കാള്‍ വളരെ കുറവായത് രാജ്യത്തെ കരിമ്പ് കൃഷിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സാധാരണ നവംബര്‍ മാസങ്ങളില്‍ നടത്താറുള്ള കരിമ്പ് ക്രഷിങ് ഇത്തവണ നേരത്തെ നടത്താനാണ് ഉത്പ്പാദകര്‍ പദ്ധതിയിടുന്നത്. ആഗോള തലത്തിലും പഞ്ചസാര വില ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



