
മാങ്കുളം: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചും ഡോക്ടറുടെ നിയമനം ആവശ്യപ്പെട്ടും കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 19ന് മാങ്കുളം ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി.

വിവിധ ആദിവാസി ഇടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആളുകള്‍ ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് ഡോക്ടര്‍മാരുടെ കുറവ് മൂലം താളം തെറ്റിയിട്ടുള്ളത്. വിഷയത്തില്‍ പ്രശ്ന പരിഹാരമാവശ്യപ്പെട്ടാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം ഐ എന്‍ റ്റി യു സി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍സി ഐസക്ക് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

ഇടവിട്ട ദിവസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നും വന്ന് പോകുന്ന താല്‍ക്കാലിക ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ മാങ്കുളത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമായിട്ടുള്ളത്. നിലവില്‍ ഉണ്ടായിരുന്ന അഡ് ഹോക്ക് ഡോക്ടറുടെ സേവനം കൂടി ഇല്ലാതായതോടെയാണ് സ്ഥിരമായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ലാത്ത സ്ഥിതിയായത്. കുറെ നാളുകള്‍ക്ക് മുമ്പ് വരെ എന്‍ എച്ച് എം ഡോക്ടറുടെ സേവനം കേന്ദ്രത്തില്‍ ലഭിച്ചിരുന്നു. പിന്നീട് അതും ഇല്ലാതായി.

പനിയുള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സമയത്താണ് കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം വേണ്ട വിധം ലഭ്യമല്ലാത്ത സ്ഥിതിയുള്ളത്. ചികിത്സാ സംവിധാനങ്ങള്‍ കാര്യമായി ഇല്ലാത്ത മാങ്കുളത്ത് ആദിവാസി മേഖലകളില്‍ നിന്നുള്ള നിരവധി കുടുംബങ്ങളടക്കം ആശ്രയിക്കുന്ന ചികിത്സാലയമാണ് മാങ്കുളത്തെ കുടുംബാരോഗ്യ കേന്ദ്രം.ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് ജീവനക്കാരുടെ കുറവ് പരിഹരിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.