
അടിമാലി: ലോകമാകെ യോഗയെ സ്വായത്തമാക്കുമ്പോള്‍ യോഗയെ നിത്യ ജീവിതത്തോട് ചേര്‍ത്ത് വച്ച ഒരു ആദിവാസി ഗ്രാമമുണ്ട് ജില്ലയില്‍. മാങ്കുളം പഞ്ചായത്തിലെ കോഴിയിളക്കുടി. ഒന്നര പതിറ്റാണ്ട് കൊണ്ടാണ് സമ്പൂര്‍ണ്ണ യോഗ ഗ്രാമമായി കോഴിയിളക്കുടി മാറിയത്.യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ സന്തോഷമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവുമായി ജീവിക്കാന്‍ കഴിയും. ഇതാണ് സ്വന്തം അനുഭവത്തിലൂടെ സമ്പൂര്‍ണ്ണ യോഗ ഗ്രാമമായി മാറിയ മാങ്കുളം പഞ്ചായത്തിലെ കോഴിയിളക്കുടി നിവാസികള്‍ക്ക് പറയാനുള്ളത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇവര്‍ക്ക് യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. മുതുവന്‍ സമുദായത്തിലെ 75 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മുതിര്‍ന്നവര്‍ എല്ലാം തന്നെ യോഗാസനം മുറകള്‍ മനസ്സിലാക്കിയവര്‍. ശ്രീ ശ്രീ രവിശങ്കരുടെ ആര്‍ട്സ് ഓഫ് ലീവിങ്ങ് ഭാഗമായാണ് ഇവര്‍ യോഗ പരിശീലനം നേടിയത്.

യോഗ പരിശീലനത്തിലൂടെ ആത്മീയവും ഭൗതികവുമായ പുരോഗതി നേടുവാന്‍ കഴിഞ്ഞുവെന്ന് കോഴിയിളക്കുടി ഗ്രാമവാസികളും പറയുന്നു.മനസിനെയും ശരീരത്തെയും ആരോഗ്യത്തോടെ സംരക്ഷിക്കുവാന്‍ മാത്രമല്ല, കാടിന്റെ ഉള്‍ത്തുടിപ്പുകളില്‍ മാത്രം കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങളെ അടക്കം മാനസികവും ശാരീരികവും ഭൗതികവുമായി ഉന്നമനത്തിലേക്ക് നയിക്കുവാനും യോഗ വഴികാട്ടിയായി.