നേര്യമംഗലം വില്ലാഞ്ചിറക്ക് സമീപം വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു; അപകടത്തില്‍ ഒരാള്‍ മരിച്ചു

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറക്ക് സമീപം വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു.അപകടത്തില്‍ ഒരാള്‍ മരിച്ചു. പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ഇന്നുച്ചക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു ഒാടുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണത്. കാറിന് മുകളിലേക്കും കെ എസ് ആര്‍ ടി സി ബസിന്റെ പിറകു ഭാഗത്തേക്കുമാണ് മരം പതിച്ചത്.
ഇരുവാഹനങ്ങളും നേര്യമംഗലം ഭാഗത്തു നിന്ന് വരികയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രികനായിരുന്ന പാണ്ടിപ്പാറ സ്വദേശി ജോസഫ് മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടതായാണ് വിവരം. കൂറ്റന്‍ മരം നിലപതിച്ചതിന് ഏതാനും മീറ്റര്‍ ദൂരെ ദേശിയപാതയില്‍ മറ്റൊരു മരം ആദ്യം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഈ മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ച അല്‍പ്പസമയത്തിനകമാണ് വലിയ അപകടത്തിന് ഇടവരുത്തിയ കൂറ്റന്‍മരം കടപുഴകി വീണത്. മുമ്പില്‍ സഞ്ചരിച്ചിരുന്നത് കെ എസ് ആര്‍ ടി സി ബസായിരുന്നു. മരം ഒടിയുന്ന ശബ്ദം കേട്ട് ബസിന്റെ പിന്‍ഭാഗത്തുണ്ടായിരുന്നവര്‍ മുന്‍ ഭാഗത്തേക്കോടി മാറിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. ബസിന്റെ പിന്‍ഭാഗത്താണ് മരം വന്ന് വീണത്. കാര്‍ പൂര്‍ണ്ണമായി മരത്തിനടിയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് കാര്‍ യാത്രികരെ പുറത്തെത്തിച്ചത്.
കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ദേശിയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൂറ്റന്‍ മരമായിരുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് മരം മുറിച്ച് ഗതാഗതം പുനസ്ഥാപിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.