പച്ചക്കറി വില കുതിച്ചുയരുമ്പോഴും പച്ചക്കറിയുടെ വിളനിലമായ വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് തുശ്ചമായ വില

മൂന്നാര്‍: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ ശീതകാല പച്ചക്കറിയുടെ വിളനിലമായ വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് തുശ്ചമായ തുക. വട്ടവടയില്‍ വിളവെടുക്കുന്ന പച്ചക്കറി ഭൂരിഭാഗവും കയറി പോകുന്നത് തമിഴ്നാട്ടിലേക്കാണ്. ഒരേക്കര്‍ പാടത്ത് കാബേജ് കൃഷി ഇറക്കണമെങ്കില്‍ വിത്തിന് മാത്രം പതിനായിരം രൂപയോളം ചിലവ് വരും. വളത്തിനും മറ്റ് കൂലി ചെലവുകളും വേറെ. നാലുമാസം വേണം ഇവ വിളവെടുക്കാന്‍.

എന്നാല്‍ വിപണിയില്‍ കാബേജ് വില കുതിച്ചുയര്‍ന്നു നില്‍ക്കുമ്പോഴും വട്ടവടയിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോക്ക് 18 രൂപയില്‍ താഴെ മാത്രം. കഴിഞ്ഞ ഓണക്കാലത്തിനുശേഷം ഇതുവരെ ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി ഇവിടെ നിന്നും സംഭരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇടനിലക്കാര്‍ വഴി കര്‍ഷകര്‍ വിറ്റഴിക്കുന്ന പച്ചക്കറികള്‍ തമിഴ്നാട്ടിലെ മാര്‍ക്കറ്റില്‍ എത്തി തിരികെ കേരളത്തില്‍ എത്തുമ്പോള്‍ മൂന്നിരട്ടി വില.
ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ കൃത്യമായി സംഭരിക്കുകയും വില കൃത്യമായി നല്‍കുകയും ചെയ്താല്‍ ഗുണമേന്മയുള്ള പച്ചക്കറി മിതമായ വിലയില്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.പക്ഷെ കഴിഞ്ഞ കാലങ്ങളിലൊക്കെയും വട്ടവടയിലെ കര്‍ഷകര്‍ക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കാണ്.