
മൂന്നാര്‍: മൂന്നാര്‍ കോളനി റോഡില്‍ മദ്യവില്‍പ്പനശാലക്ക് സമീപം നില്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ അപകട ഭീഷണിയാകുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ റോഡിലേക്ക് മരം പതിക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.വര്‍ഷങ്ങളോളം പഴക്കമുള്ള മരങ്ങളാണ് മൂന്നാര്‍ കോളനി റോഡില്‍ മദ്യവില്‍പ്പന ശാലക്ക് സമീപം നില്‍ക്കുന്നത്. പലപ്പോഴും വീശിയടിക്കുന്ന കാറ്റില്‍ മരശിഖരങ്ങള്‍ അടര്‍ന്ന് വീഴുന്നത് പതിവാണ്.

സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നടന്നുപോകുന്ന റോഡില്‍ ശിഖരങ്ങള്‍ പതിക്കുന്നത് പതിവായതോടെ മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിനും ബന്ധപ്പെട്ട വകുപ്പിനും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

അപകടാവസ്ഥ സൃഷ്ടിക്കുന്ന മരങ്ങള്‍ക്ക് ചുവട്ടില്‍ ആളുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകാറുണ്ട്.വിനോദ സഞ്ചാരികളടക്കം ദിവസവും നിരവധിയാളുകള്‍ ഇതുവഴി യാത്ര ചെയ്യുന്നു. അപകട സാധ്യത ഉയര്‍ത്തുന്ന മരങ്ങള്‍ എത്രയും വേഗം വെട്ടിമാറ്റുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിവേണമെന്നാണ് ആവശ്യം