
അടിമാലി: രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ നടപടി കടുപ്പിച്ച് മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസമാണ് മൂന്നാര്‍ കന്നിമലക്കും നയമക്കാടിനും ഇടയിലായി റോഡരികിലെ വനമേഖലയില്‍ രണ്ട് ടണ്ണോളം മാലിന്യം രാത്രിയുടെ മറവില്‍ നിക്ഷേപിച്ചത്.സംഭവം മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചായത്ത് ഇടപെടല്‍ നടത്തുകയും മാലിന്യം നിക്ഷേപിച്ച സ്ഥലത്തെത്തി അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തു.

വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യമാണ് നിക്ഷേപിച്ചപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ നടപടിയാരംഭിച്ചു.

സംഭവത്തില്‍ ശുചിത്വമിഷനും പോലീസിനും മൂന്നാര്‍ പഞ്ചായത്ത് അധികൃതര്‍ പരാതി നല്കി.
രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപരെ കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡിനെ നിയമിക്കുമെന്നും നിരീക്ഷണ ക്യാമറകളിലെ പരിശോധന ശക്തമാക്കുമെന്നും പഞ്ചായത്ത് ഭരണസമിതിയും വ്യക്തമാക്കി.