
മൂന്നാര്‍: മൂന്നു വര്‍ഷം മുമ്പ് ജോലിക്കിടയില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താന്‍ കഴിയാതെ മൂന്നാര്‍ പൊലീസ്. 2021 ഏപ്രില്‍ 30ന് രാവിലെ 9.30 നാണ് ധനശേഖറിനെ ജോലിക്കിടയില്‍ കാണാതായത്.കണ്ണന്‍ദേവന്‍ കമ്പനിയുടെ കടലാര്‍ ഈസ്റ്റ് ഡിവിഷനിലെ തൊഴിലാളിയായിരുന്നു മുപ്പത്തെട്ടുകാരനായ ധനശേഖര്‍. എസ്‌റ്റേറ്റിലെ ജോലിക്കിടയില്‍ സഹപ്രവര്‍ത്തകര്‍ക്ക് ചായ വാങ്ങാന്‍ ക്യാന്റീനിലേക്ക് പോയ ധനശേഖറിനെ പിന്നീട് കണ്ടിട്ടില്ല.

ധനശേഖര്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരവുമില്ല.ധനശേഖറിനെ കാണാതായ ശേഷം തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയിട്ടും ഇയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കടുവ, പുലി എന്നിവയുടെ സാന്നിധ്യമുള്ള വനമേഖലയോടു ചേര്‍ന്നുള്ള എസ്റ്റേറ്റാണ് കടലാര്‍.

വന്യമൃഗങ്ങളുടെ അക്രമണത്തിനിരയായെന്ന സംശയത്തില്‍ പൊലീസും തൊഴിലാളികളും ആഴ്ച്ചകളോളം വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനായില്ല. ഇയാളുടെ ബന്ധുക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചിട്ടും പ്രയോജനമുണ്ടായില്ല.ധനശേഖര്‍ കാണാമറയത്തായി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ധനശേഖര്‍ എവിടെയെന്ന ചോദ്യത്തിന് പോലീസിനും കുടുംബത്തിനും ഉത്തരമില്ല.