
അടിമാലി: വടക്കന്‍ യൂറോപ്പിലെ ലാത്വിയയിലെ തടാകത്തില്‍ മുങ്ങി മരിച്ച ആനച്ചാല്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ആല്ബിന് ഷിന്റോയുടെ മൃതദേഹം വെള്ളിയാഴ്ച്ച നാട്ടിലെത്തിക്കും. ആനച്ചാല്‍ അറക്കല്‍ ഷിന്റോ റീന ദമ്പതികളുടെ മകനായ ആല്ബിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വടക്കന്‍ യൂറോപ്പിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തില്‍ മുങ്ങി കാണാതായത്.

പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ആല്‍ബിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആല്‍ബിനെ അവസാനമായി ഒരു നോക്കുകാണാനുള്ള കാത്തിരിപ്പിലാണ് ആല്‍ബിന്റെ ബന്ധുക്കളും നാട്ടുകാരും.മൃതദേഹം നാളെ ബ്ലാംഗൂരിലെത്തും.

അവിടെ നിന്നും ആംബുലന്‍സ് മാര്‍ഗ്ഗമാകും മൃതദേഹം ആനച്ചാലിലെ വീട്ടിലെത്തിക്കുക.മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ബാഗ്ലൂരിലേക്ക് പുറപ്പെടും.വെള്ളിയാഴ്ച്ച തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് സംസ്ക്കാര ചടങ്ങുകള്‍ നടക്കുക. കായിക താരമായിരുന്ന ആല്ബിന് എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. പിതാവ് ഷിന്റോ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന അധ്യാപികയുമാണ്.