മാറ്റത്തിനൊത്ത് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്
explorepallivasalgp.org ഒറ്റക്ലിക്കിലൂടെ വിവരങ്ങള്‍ നിങ്ങളിലേക്ക്

അടിമാലി : കാലത്തിന്റെ മാറ്റത്തിനൊത്ത് പഞ്ചായത്ത് പരിധിയിലെ ആകെ വിവരങ്ങള്‍ വിരല്‍തുമ്പിലൊതുക്കിയിരിക്കുകയാണ് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. വിനോദ സഞ്ചാര ഇടങ്ങള്‍ ഉള്‍പ്പെടെ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ വിവരങ്ങള്‍ ഇനി മുതല്‍ വെബ്‌സൈറ്റില്‍ ലഭിക്കും. explorepallivasalgp.org എന്ന വെബ്‌സൈറ്റിലൂടെയാണ് ഒറ്റക്ലിക്കിലൂടെ വിവരങ്ങള്‍ ആവശ്യക്കാരിലേക്കെത്തുന്ന പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്.
പഞ്ചായത്തിലെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രാദേശിക വിപണി, പ്രാദേശിക സേവനങ്ങള്‍, സര്‍ക്കാര്‍ തല സേവനങ്ങള്‍, താമസസ്ഥലങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. വിനോദ സഞ്ചാരികള്‍ക്കും തദ്ദേശീയരായ ജനങ്ങള്‍ക്കും ഒരു പോലെ പ്രയോജനപ്രദമായ നിലയിലാണ് വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് വെബ്‌സൈറ്റ് തയ്യാറാക്കി നല്‍കിയിട്ടുള്ളത്. വെബ്‌സൈറ്റ് ലോഞ്ചിംഗിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എംഎല്‍എയും വെബ്‌സൈറ്റ് ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരിയും നിര്‍വ്വഹിച്ചിരുന്നു. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി പഞ്ചായത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നുണ്ട്. പുതിയ വെബ്‌സൈറ്റ് വിനോദ സഞ്ചാര മേഖലക്കുള്‍പ്പെടെ കരുത്താകുമെന്നാണ് പ്രതീക്ഷ.