മൂന്നാറിലെ തോട്ടം മേഖലയിലെ കുടുംബങ്ങളെ വലച്ച് ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്ക്

അടിമാലി : ബി എസ് എന്‍ എല്‍ നെറ്റ് വര്‍ക്കിന്റെ ലഭ്യത കുറവ് മൂന്നാറിലെ തോട്ടം മേഖലയിലെ കുടുംബങ്ങളെ വല്ലാതെ വലക്കുന്നു.മറ്റിതര മേഖലകളെ അപേക്ഷിച്ച് മൂന്നാറിലെ തോട്ടം മേഖലയില്‍ ബി എസ് എന്‍ എല്‍ മൊബൈല്‍ നെറ്റ് വര്‍ക്കിനെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് ഏറെക്കുറെ എല്ലാ കുടുംബങ്ങളും. ഈ മേഖലകളില്‍ ബി എസ് എന്‍ എല്ലിന് മാത്രമെ കവറേജൊള്ളുവെന്നതാണ് ഇതിന് പ്രധാനകാരണം. എന്നാല്‍ ലഭിച്ചു കൊണ്ടിരുന്ന ബി എസ് എന്‍ എല്‍ കവറേജ് പേരിന് മാത്രമായതോടെ തോട്ടം മേഖലയിലെ കുടുംബങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പരസ്പരമുള്ള ആശയ വിനിമയം അങ്ങേയറ്റം ദുഷ്‌ക്കരമായ സാഹചര്യമാണുള്ളത്. ആശുപത്രി ആവശ്യങ്ങള്‍ക്കായി വാഹനം വിളിക്കുന്ന കാര്യത്തില്‍ പോലും ആളുകള്‍ ബുദ്ധിമുട്ടുകയാണ്. പലയിടത്തും പുതിയ ടവറുകള്‍ സ്ഥാപിച്ചുവെങ്കിലും വേണ്ടവിധം പ്രവര്‍ത്തനക്ഷമമാകുന്നത് വൈകുന്നത് വെല്ലുവിളിയാവുന്നു.പഴയ ടവറുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.വന്യജീവി ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ് തോട്ടം മേഖല.രാത്രികാലത്ത് അടിയന്തിര സാഹചര്യങ്ങളില്‍ മറ്റുള്ളവരെ വിളിച്ച് വിവരമറിയിക്കണമെങ്കില്‍ പെടാപ്പാട് പെടേണ്ടിവരും. ബി എസ് എന്‍ എല്‍ കവറേജ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുക അപ്രായോഗികമെന്ന് കുടുംബങ്ങള്‍ പറയുന്നു.പഴയതും പുതിയതുമായ ബി എസ് എന്‍ എല്‍ ടവറുകളുടെ പ്രവര്‍ത്തനം ഏറ്റവും വേഗത്തില്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.