
മൂന്നാര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സിക്ക് കീഴിലുള്ള സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മൂന്നാര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, പി എല്‍ സിയുടെ ശമ്പള പരിഷ്‌കരണ പ്രക്രിയ പൂര്‍ത്തിയാക്കുക, അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, വന്യജീവി ആക്രമണത്തില്‍ നിന്ന് തോട്ടം തൊഴിലാളികളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കുക, സൂപ്പര്‍വൈസര്‍മാരുടെ ആവശ്യങ്ങള്‍ പി എല്‍ സി.യില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ധര്‍ണ സംഘടിപ്പിച്ചത്. മുന്‍ എം എല്‍ എ എ കെ മണി ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി റീജിയണല്‍ പ്രസിഡന്റ് ഡി കുമാര്‍, മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ് വിജയകുമാര്‍, എ ആഡ്രൂസ്, ജയരാജ്, മാര്‍ഷ് പീറ്റര്‍, ആര്‍ രാജാറാം തുടങ്ങിയവര്‍ സംസാരിച്ചു.