
മൂന്നാര്‍: ജില്ലയില്‍ ദേവികുളം താലൂക്കിലും, ഉടുമ്പന്‍ചോല താലൂക്കിലും സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനമാരംഭിച്ചു. വിദൂരസ്ഥലങ്ങളിലെ കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങളുടെ ലഭ്യത സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഫലപ്രഥമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താന്‍കുടി, ശങ്കരപാണ്ഡ്യന്‍മെട്ട് ദേവികുളം താലൂക്കില്‍ നല്ലതണ്ണി, കടലാര്‍, നയമക്കാട് പ്രദേശങ്ങളിലാണ് പുതുതായി സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കുന്നത്. സഞ്ചരിക്കുന്ന റേഷന്‍കടകളുടെ ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍ നിര്‍വ്വഹിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനാവശ്യമായ അരി നല്‍കുന്നില്ലെന്നും സംസ്ഥാനത്തിന് ലഭിച്ചിരുന്ന 16 ലക്ഷം മെട്രിക് ടണ്‍ അരിയില്‍ നിന്നും 2 ലക്ഷം മെട്രിക് ടണ്‍ അരി വെട്ടിക്കുറക്കുന്ന നിലപാടാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദേവികുളം താലൂക്കിലെ നയമക്കാട് നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ബൈജു കെ ബാലന്, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എസ്റ്റേറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.