
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികളാരംഭിച്ചു.മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും അനധികൃതവഴിയോരവില്പ്പനശാലകള് പെരുകുന്നുവെന്നും ഇത് പൊളിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. വ്യാപാരി സംഘടനകള്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.വഴിയോര വില്‍പ്പനശാലകള്‍ നീക്കിയില്ലെങ്കില്‍ വിനോദ സഞ്ചാര സീസണാരംഭിക്കുന്നതോടെ ഗതാഗത കുരുക്ക് വര്‍ധിക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് മൂന്നാര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന വഴിയോര വില്‍പ്പനശാലകള്‍ നീക്കം ചെയ്യുന്ന നടപടികളാരംഭിച്ചിട്ടുള്ളത്. മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് അണക്കെട്ടിന് സമീപത്തു നിന്നുമാണ് വില്‍പ്പനശാലകള്‍ പൊളിച്ച് നീക്കി തുടങ്ങിയിട്ടുള്ളത്.മൂന്നാര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ഭാഗങ്ങളിലെ വഴിയോര വില്‍പ്പനശാലകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുമെന്ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
വില്‍പ്പന ശാലകള്‍ പൊളിച്ച് നീക്കുന്ന നടപടികളാരംഭിച്ചതോടെ കടയുടമകള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തി. പ്രതിഷേധക്കാര്‍ ദേശിയപാതയില്‍ ഉപരോധം തീര്‍ത്തു.പോലീസ് പിന്നീടിവരെ അറസ്റ്റ് ചെയ്തു നീക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിന്റെ തീരുമാന പ്രകാരമാണ് വഴിയോരവില്‍പ്പന ശാലകള്‍ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചിട്ടുള്ളതെന്നും നടപടികളില്‍ നിന്ന് പിന്നോക്കം പോകില്ലെന്നും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.