
അടിമാലി: വെള്ളത്തൂവലില്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ടൗണ്‍ ഷോപ്പിംഗ് കോപ്ലക്‌സ് ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു വെള്ളത്തൂവല്‍ ടൗണിലെ ടൗണ്‍ ഷോപ്പിംഗ് കോപ്ലക്‌സിന്റെ നിര്‍മ്മാണ പ്രഖ്യാപനത്തെ പ്രദേശവാസികള്‍ നോക്കി കണ്ടത്. എന്നാല്‍ നിര്‍മ്മാണോദ്ഘാടനം നടന്നിട്ട് 4 വര്‍ഷത്തോടടുക്കുമ്പോഴും ഫലകത്തില്‍ മാത്രം ഒതുങ്ങുകയാണ് വെള്ളത്തൂവല്‍ ടൗണ്‍ ഷോപ്പിംങ്ങ് കോംപ്ലക്‌സ്. ടൗണിലെ ഓട്ടോ സ്റ്റാന്‍ഡിനു സമീപമാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. 2020 നവംബറില്‍ അന്നത്തെ വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തുടര്‍ ജോലികള്‍ നടന്നില്ല.

പുതിയ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മാണത്തിന് ലക്ഷ്യമിട്ടതോടെ പഞ്ചായത്ത് വാടകക്ക് നല്‍കിയിരുന്ന കടമുറികളില്‍ നിന്ന് വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഷോപ്പിങ് കോംപ്ലക്‌സ് ഫലകത്തില്‍ ഒതുങ്ങിയതോടെ പഞ്ചായത്തിന് ലഭിച്ചിരുന്ന വാടക നഷ്ടമായി. ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍ ജോലികള്‍ വേഗത്തിലാക്കുകയും കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമാക്കുകയും വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.