ഗതാഗതകുരുക്ക് രൂക്ഷം; ശങ്കുപടിക്ക് സമീപമുള്ള എസ് വളവ് നിവര്‍ത്താന്‍ നടപടി വേണം

അടിമാലി : രണ്ടാംമൈല്‍ ഇരുട്ടുകാനം റോഡില്‍ ആനച്ചാല്‍ ശങ്കുപടിക്ക് സമീപമുള്ള എസ് വളവ് നിവര്‍ത്താന്‍ നടപടി വേണമെന്നാവശ്യം. വിനോദ സഞ്ചാരികളുടേതടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. ഇതിന് പുറമെ കെ എസ് ആര്‍ ടി സി ബസുകളും സ്വകാര്യ ബസുകളും ടൂറിസ്റ്റ് ബസുകളുമൊക്കെ ഇതുവഴി കടന്നു പോകുന്നു. തുടരെ തുടരെ രണ്ട് വളവുകളും കയറ്റവും വീതി കുറവുമാണ് ശങ്കുപടിക്ക് സമീപമുള്ള എസ് വളവില്‍ അപകട സാധ്യത ഉയര്‍ത്തുന്നത്. വലിയ വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. വഴി കാര്യമായ പരിചയമില്ലാതെ എത്തുന്ന വിനോദ സഞ്ചാര വാഹനങ്ങളും പലപ്പോഴും ഇതുവഴി കടന്നു പോകുന്നതില്‍ പ്രതിസന്ധി അനുഭവിക്കുന്നു. ഈ സാഹചര്യത്തിലാണ് റോഡിലെ വളവുകള്‍ നിവര്‍ത്തി അപകട സാധ്യത ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്കേറുന്നതോടെ ഈ എസ് വളവില്‍ ഗതാഗതകുരുക്കും രൂപം കൊള്ളും. ഇത് വാക്ക് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ഭാരവാഹനങ്ങളും വലിയ ടൂറിസ്റ്റ് ബസുകളുമൊക്കെ ഇടക്കിടെ ഈ വളവില്‍ കുരുങ്ങാറുണ്ട്. തിരക്കേറുന്ന സമയങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. വളവുകളോട് ചേര്‍ന്നുള്ള മണ്‍തിട്ട നീക്കി റോഡ് നിവര്‍ത്തിയാല്‍ പാതയുടെ വീതി വര്‍ധിക്കുകയും അപകട സാധ്യതയൊഴിവാകുകയും ചെയ്യും. വിനോദ സഞ്ചാരികള്‍ക്കായുള്ള അഡ്വഞ്ചര്‍ പാര്‍ക്കുള്‍പ്പെടെയുള്ള പ്രദേശമാണിതെന്നതിനാല്‍ സദാസമയവും ഈ ഭാഗത്ത് വാഹനങ്ങളുടെ തിരക്കുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നപരിഹാരം കാണണമെന്നാണ് ആവശ്യം.