വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കല്‍; പ്രതിഷേധം കടുപ്പിക്കാന്‍ മൂന്നാറിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വം
മൂന്നാര്‍: മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുമ്പോള്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് മൂന്നാറിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വം. വിഷയത്തിലുള്ള തുടര്‍ ഇടപെടലുകള്‍ക്ക് രൂപം നല്‍കുന്നതിനായി മൂന്നാറില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ഗതാഗത തടസ്സമുണ്ടാകാത്ത ഇടങ്ങളിലെ അടക്കം മുഴുവന്‍ വഴിയോര കടകളും ഒഴിപ്പിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ദേവികുളം എംഎല്‍എ അഡ്വ. എ രാജ പറഞ്ഞു.
പഴയ മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് സമീപത്തു നിന്നാരംഭിച്ച വഴിയോര വില്‍പ്പനശാലകളുടെ ഒഴിപ്പിക്കല്‍ മൂന്നാറില്‍ തുടരുകയാണ്. ഒഴിപ്പിക്കലാരംഭിച്ച ആദ്യ ദിവസം തന്നെ പ്രതിഷേധവുമായി കടയുടമകളും സിപിഎം, സിപിഐ, കോണ്‍ഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ മൂന്നാറില്‍ പുരോഗമിക്കുകയാണ്. അനധികൃതമായി വഴിയോരങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള വില്‍പ്പന ശാലകള്‍ പൊളിച്ച് നീക്കുന്ന നടപടികളുമായി വരും ദിവസങ്ങളിലും മുമ്പോട്ട് പോകാനാണ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെ തീരുമാനം. പോലീസ് കാവലിലാണ് പൊളിച്ച് നീക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും അനധികൃതവഴിയോരവില്‍പ്പനശാലകള്‍ പെരുകുന്നുവെന്നും ഇത് പൊളിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.