ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ അവസാനത്തെ ഹിയറിങ്ങ് അടുത്ത മാസം 6ന് നടക്കും

മൂന്നാര്‍: വിവാദ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ അവസാനത്തെ ഹിയറിങ്ങ് അടുത്ത മാസം 6ന് നടക്കും. ചൊക്രമുടി ഭൂവിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ ഹിയറിംഗ് നടക്കുന്നത്.28ന് ദേവികുളം സബ് കളക്ടര്‍ ഓഫീസില്‍ നടത്തിയ ഹിയറിങ്ങില്‍ കുറച്ചുപേരും സ്ഥലം ഉടമകളുടെ നാലു വക്കീലന്മാരുമാണ് ഹിയറിങ്ങിന് ഹാജരായത്. ഹിയറിങ്ങില്‍ പങ്കെടുത്തവര്‍ ഹാജരാക്കിയ ഭൂമിയുടെ ഉടമ സ്ഥാവകാശം തെളിയിക്കുന്ന രേഖകളിലും പട്ടയഫയലുകള്‍ പരിശോധിച്ചതിലും ചില അപാകതകള്‍ കണ്ടെത്തിയിട്ടുള്ളതായാണ് വിവരം.
ആദ്യം ഒക്ടോബര്‍ 14ന് നടത്തിയ ഹിയറിങ്ങില്‍ നോട്ടീസ് ലഭിച്ച സ്ഥലമുടമകളില്‍ 49 പേരില്‍ 44 പേരും ഹാജരായിരുന്നു. എന്നാല്‍, പിന്നീടുള്ള ഹിയറിങ്ങുകളില്‍ ഉടമകളുടെ എണ്ണം കുറഞ്ഞുവരുകയാണുണ്ടായത്. ഇതുതന്നെ സ്ഥലം വാങ്ങിയതിലും പ്രമാണങ്ങള്‍ ചമച്ചതിലും ക്രമക്കേടുകള്‍ ഉണ്ടെന്നുള്ളതിന് തെളിവാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. 1971ന് മുമ്പ് കൈവശഭൂമിയില്‍ കൃഷി ചെയ്ത് വീട് വീട് വെച്ച് താമസിക്കുന്നവര്‍ക്കാണ് 1964-ലെ ഭൂ പതിവ് ചട്ടപ്രകാരം പട്ടയം നല്‍കുന്നത്. എന്നാല്‍, റെഡ്സോണില്‍ ഉള്‍പ്പെട്ട ചൊക്രമുടിയില്‍ പട്ടയം അനുവദിച്ചത് ഈ മാനദണ്ഡം ലംഘിച്ചാണ്. ഇക്കാരണത്താല്‍ ചൊക്രമുടിയിലെ പട്ടയ ങ്ങളും തണ്ടപ്പേരും റദ്ദുചെയ്യാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.