
അടിമാലി: അടിമാലി ടൗണില്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് വിവേകാനന്ദ റോഡാരംഭിക്കുന്ന ഭാഗത്ത് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരത്തിന്റെ ചുവട് ചിതലരിച്ചും ദ്രവിച്ചും തുടങ്ങിയിട്ടുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടായാല്‍ ഒരു ഭാഗത്തേക്ക് മരം ഒടിഞ്ഞ് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണമെന്നുമാണ് സമീപവാസികളുടെ ആവശ്യം. ടൗണില്‍ തിരക്കേറിയ ഭാഗത്താണ് മരം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. മരത്തിന് ചുവട്ടില്‍ ചെറിയ പെട്ടിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ പരിസരത്തായി തന്നെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡും പ്രവര്‍ത്തിച്ച് വരുന്നു. മോട്ടോര്‍ വാഹനവകുപ്പോഫീസിലേക്കും വിദേശമദ്യ വില്‍പ്പനശാലയിലേക്കുമടക്കം നിരവധി ആളുകളും വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടിമാലി ബ്രാഞ്ചിലേക്കെത്തുന്നവര്‍ ഈ മരം നില്‍ക്കുന്ന പരിസരത്തായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകാറുണ്ട്. മരത്തിന്റെ ചുവട് ഭാഗത്തിന് ബലക്ഷയം വന്ന സാഹചര്യത്തില്‍ കരുതല്‍ നടപടി ഉണ്ടാവണമെന്ന ആവശ്യമാണ് ഉയരുന്നത്.