സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കത്തീഡ്രലില്‍ വാര്‍ഷിക പെരുന്നാളിന് കൊടി കയറി

അടിമാലി: സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കത്തീഡ്രലില്‍ വാര്‍ഷിക പെരുന്നാളും വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വണക്കവും പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളിനും തുടക്കമായി. 3 ദിവസങ്ങളിലായിട്ടാണ് തിരുന്നാള്‍ നടക്കുന്നത്. രാവിലെ പ്രഭാത പ്രാര്‍ത്ഥനക്കും വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനക്കും ശേഷം തിരുന്നാളിന് കൊടി ഉയര്‍ന്നു. പള്ളി വികാരി ഫാ. എല്‍ദോസ് കൂറ്റപ്പാല കോര്‍ എപ്പിസ്ക്കോപ്പ തിരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് പെരുന്നാള്‍ ലളിതമായി ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇന്ന് രാവിലെ പ്രഭാത പ്രാര്‍ത്ഥനക്കും വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനക്കും പ്രസംഗത്തിനും ശേഷം നവീകരിച്ച സൂനോറോ പേടകത്തിന്റെ കൂദാശ നടക്കും. വൈകിട്ട് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനക്കും പ്രസംഗത്തിനും ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോര് അത്താനാസിയോസ് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് സൂനോറോ വണക്കവും പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും.

14ന് രാവിലെ പ്രഭാത പ്രാര്‍ത്ഥനക്കും വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനക്കും പ്രസംഗത്തിനും മൈലാപ്പൂര് ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മോര് ഒസ്താത്തിയോസ് കാര്‍മ്മികത്വം വഹിക്കും.10.30ന് സൂനോറോ വണക്കവും നെയ്യപ്പനേര്ച്ചയും പ്രദക്ഷിണവും തുടര്‍ന്ന് ആശിര്‍വ്വാദവും നേര്‍ച്ചസദ്യയും ലേലവും നടക്കും.